ഫ്ലാറ്റില്‍ അനധികൃതമായി ദന്തല്‍ ക്ലിനിക് പ്രവര്‍ത്തിപ്പിച്ചു; പ്രവാസി ദമ്പതികള്‍ അറസ്റ്റില്‍

By Web TeamFirst Published Oct 30, 2020, 4:47 PM IST
Highlights

രേഖകള്‍ അനുസരിച്ച് ഭര്‍ത്താവ് ഒരു കരാര്‍ കമ്പനി ജീവനക്കാരനും ഭാര്യ വീട്ടമ്മയുമാണ്. ദന്ത ചികിത്സയുമായി ബന്ധപ്പെട്ട ആധികാരിക പഠനത്തിന്റെ രേഖകളൊന്നും ഇവരുടെ കൈവശമില്ല.

കുവൈത്ത് സിറ്റി: റെസിഡന്‍ഷ്യല്‍ ഫ്ലാറ്റില്‍ ലൈസന്‍സില്ലാതെ അനധികൃതമായി ദന്തല്‍ ക്ലിനിക് നടത്തിയ വിദേശി ദമ്പതികള്‍ കുവൈത്തില്‍ അറസ്റ്റില്‍. ഹവല്ലി പൊലീസ് നടത്തിയ പരിശോധനയിലാണ് സാല്‍മിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ദമ്പതികള്‍ ക്ലിനിക് നടത്തുന്നതായി കണ്ടെത്തിയത്.

ഫിലീപ്പീന്‍സ് സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. രേഖകള്‍ അനുസരിച്ച് ഭര്‍ത്താവ് ഒരു കരാര്‍ കമ്പനി ജീവനക്കാരനും ഭാര്യ വീട്ടമ്മയുമാണ്. ദന്ത ചികിത്സയുമായി ബന്ധപ്പെട്ട ആധികാരിക പഠനത്തിന്റെ രേഖകളൊന്നും ഇവരുടെ കൈവശമില്ല. ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഈജിപ്ത് പൗരനാണ് പൊലീസില്‍ പരാതി നല്‍കിയത്. ക്ലിനിക്കിലേക്ക് ധാരാളം ആളുകള്‍ ഇടയ്ക്കിടെ വരുന്നത് താമസക്കാര്‍ക്ക് ശല്യമാകുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കുറഞ്ഞ ചെലവിലാണ് ഇവര്‍ സേവനങ്ങള്‍ നല്‍കിയിരുന്നത്. ക്ലിനിക് നടത്താന്‍ ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ലൈസന്‍സില്ലാതെയാണ് ക്ലിനി നടത്തിയതെന്ന് ദമ്പതികള്‍ സമ്മതിച്ചു. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 
 

click me!