
റിയാദ്: ഉപജീവനം തേടിപ്പോയി മരുഭൂമിയിലെ ആടുജീവിതത്തിലേക്ക് എറിയപ്പെടുന്ന കഥകൾക്ക് ഒരു അറിതിയുമില്ല. കുവൈത്തിൽ വീട്ടുഡ്രൈവർ പണിക്ക് പോയി സൗദി അതിർത്തിയിലെ മരുഭൂമിയിലെ ആടുജീവിതത്തിലേക്ക് എറിയപ്പെട്ട തിരുവനന്തപുരം വിതുര സ്വദേശിയാണ് ഒടുവിലത്തെ ഇര. അദ്വൈത് എന്ന ആ ഹതഭാഗ്യൻ നൂറുകണക്കിന് കിലോമീറ്റർ മരുഭൂമിയിലൂടെ ഓടിയും നടന്നും താണ്ടി അതിസാഹസികമായാണ് രക്ഷപ്പെട്ടത്.
നാലര മാസം മുമ്പാണ് 23 വയസുള്ള ഈ യുവാവ് കുവൈത്തിൽ വീട്ട് ഡ്രൈവർ വിസയിലെത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോൾ കുവൈത്തിയായ തൊഴിലുടമ സൗദിയിലൊന്ന് പോയി വരാം എന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി കൊണ്ടുവന്ന് സൗദി അതിർത്തിയിലെ മരുഭൂമിയിലുള്ള തന്റെ കൃഷിത്തോട്ടത്തിൽ കൊണ്ടാക്കുകയായിരുന്നു. നൂറുകണക്കിന് ആടുകളെയും ഒട്ടകങ്ങളേയും മേയ്ക്കാൻ പറഞ്ഞു. എതിർത്തപ്പോൾ അടിയും ഇടിയും. ഗത്യന്തരമില്ലാതെ ജോലി ചെയ്യാൻ തുടങ്ങി.
ആടുകൾക്ക് അസുഖം ബാധിക്കുകയോ ചാവുകയോ ചെയ്താലും അതിന്റെ ശിക്ഷയും അദ്വൈതിന്റെ ശരീരം ഏറ്റുവാങ്ങണം. ആടുകളുടെ പ്രസവം എടുക്കുന്ന ജോലിയും ചെയ്യേണ്ടിവന്നു. നാല് മാസമായപ്പോൾ കിട്ടിയത് ഒരു മാസത്തെ ശമ്പളം. അവിടെ ഇനിയും നിന്നാൽ ജീവൻ പോലും ബാക്കിയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ഓടിരക്ഷപ്പെടാൻ തന്നെ തീരുമാനിച്ചു. മരുഭൂമിയിലൂടെ രാപ്പകലില്ലാതെ ഓടിയും നടന്നുമാണ് റോഡിലെത്തിയെങ്കിലും തളർന്നുവീണുപോയി.
അതുവഴി വന്ന മംഗാലാപുരം സ്വദേശി അബ്ദുല് അസീസ് കണ്ടതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു. അസീസ് അയാളെ സ്വന്തം താമസ സ്ഥലത്ത് കൊണ്ടുവന്ന് ഭക്ഷണവും പരിചരണവും നൽകി സംരക്ഷിച്ചു. ഈ സമയത്ത് തന്നെ അദ്വൈതിെൻറ കുടുംബം നാട്ടിൽ നോർക്കയോട് ഇയാളെ കണ്ടെത്തി നാട്ടിലെത്തിക്കാൻ സഹായം തേടിയിരുന്നു. ദമ്മാമിലെ സാമൂഹിക സാമൂഹിക പ്രവർത്തകൻ നാസ് വക്കം വഴി നോർക്ക യുവാവിനെ കണ്ടെത്താനുള്ള ശ്രമം നടത്തുകയായിരുന്നു. അപ്പോഴാണ് അസീസിന്റെ അടുത്ത് അദ്വൈത് എത്തിയ വിവരം കിട്ടിയത്. നാസ് അയാളെ പോയി ഏറ്റെടുത്ത് നിയപരമായ രേഖകളെല്ലാം ശരിയാക്കി നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നോർക്ക നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam