
റിയാദ്: സൗദിയിൽ വാഹനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കുമിടയിൽ ഒരു പാലമായി പുതിയ പ്ലാറ്റ് ഫോം നിലവിൽ വന്നു. സൗദി അക്രഡിറ്റഡ് വാല്യൂവേഴ്‌സ് അതോറിറ്റിയാണ് 'മർജിയ' എന്ന പേരിലുള്ള പുതിയ പ്ലാറ്റ് ഫോം ആരംഭിച്ചത്. വാഹനങ്ങളുടെ കൃത്യമായ വിലകൾ നിർണ്ണയിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോം, വിപണിയിൽ പങ്കാളികൾക്കിടയിൽ നീതിയും സുതാര്യതയും ഉറപ്പാക്കാനും വിലകളിലെ വ്യത്യാസങ്ങൾ കുറയ്ക്കാനും ലക്ഷ്യമിടുന്നു. സൗദി അറേബ്യയിലെ ഡിജിറ്റൽ പരിവർത്തനത്തിലേക്കും വാഹന വിപണി നിയന്ത്രിക്കുന്നതിലേക്കുമുള്ള ഒരു പുതിയ ചുവടുവെയ്പ്പാണിത്. വാഹനത്തിന്റെ പ്രത്യേകതകളും വിപണി മൂല്യവും സമഗ്രമായി വിശകലനം ചെയ്തുകൊണ്ട് രാജ്യത്തെ കാർ വിലകൾ കണക്കാക്കുന്നതിനുള്ള വിശ്വസനീയമായ ഒരു റഫറൻസായാണ് ഇത് നിലകൊള്ളുന്നതെന്ന് അതോറിറ്റി ഔദ്യോഗിക വക്താവ് സാദ് അൽ ബൈസ് പറഞ്ഞു.
വാങ്ങൽ, വിൽക്കൽ പ്രക്രിയകളിലെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പ്ലാറ്റ്‌ഫോം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വസനീയമായ വിവിധ സ്രോതസ്സുകളിൽ നിന്ന് ഡാറ്റ ശേഖരിക്കാനും വിശകലനം ചെയ്യാനും 'മർജിഅ' പ്ലാറ്റ്‌ഫോം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങളെ ആശ്രയിക്കുന്നു. സൗദി വിപണിയിലെ ചലനാത്മകമായ മാറ്റങ്ങൾക്കനുസൃതമായി വിലകൾ തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യാൻ മെഷീൻ ലേണിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ടെന്ന് അൽബൈസ് വിശദീകരിച്ചു. യഥാർത്ഥ ഡാറ്റയെ ആശ്രയിക്കുന്നത് വഴി വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള വിലയിലെ അന്തരം കുറയ്ക്കാൻ പ്ലാറ്റ്‌ഫോം സഹായിക്കുന്നു, ഇത് വ്യക്തിപരമായ വിവേചനാധികാരവും ഏകപക്ഷീയമായ വിലനിർണ്ണയവും പരിമിതപ്പെടുത്തുകയും വിപണിയിലെ വിശ്വാസം വർധിപ്പിക്കുകയും ചെയ്യും. വാഹനങ്ങളുടെ റെക്കോർഡുകൾ, മുൻ ഉടമകളുടെ എണ്ണം, യഥാർത്ഥ ഉപയോഗം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പ്ലാറ്റ് ഫോം വഴി അറിയാനാകും.
ഇത്തരം ഏകീകൃത, സംയോജിത ഡാറ്റാ സിസ്റ്റം സൃഷ്ടിക്കുന്നതിനായി പ്ലാറ്റ്‌ഫോമിനെ ട്രാഫിക് സംവിധാനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ, തഖ്‌ദീർ സിസ്റ്റം എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇലക്ട്രോണിക് ഇടപാടുകളിലെ വിശ്വാസം വർധിപ്പിക്കുകയും, പൂർണ്ണമായ ഡിജിറ്റൽ പരിവർത്തനത്തിലേക്കും കൃത്യമായ പ്രൊഫഷണൽ തത്വങ്ങൾക്കനുസരിച്ച് വിപണികളെ നിയന്ത്രിക്കുന്നതിലേക്കുമുള്ള സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതാണ് പുതിയ പ്ലാറ്റ് ഫോം. https://marjea.taqeem.gov.sa/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഒമ്പത് റിയാൽ ഫീ അടച്ച് തങ്ങളുടെ വാഹനത്തിന്റെ സീരിയൽ നമ്പറും നിലവിലെ ഓഡോ മീറ്റർ വിവരങ്ങളും കൊടുത്താൽ ആ വാഹനത്തിന്റെ നിലവിലുള്ള മാർക്കറ്റ് വില അറിയാനാവും. സ്വദേശികളും വിദേശികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പ്ലാറ്റ് ഫോമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ