യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു

Published : Dec 15, 2022, 12:46 PM IST
യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു

Synopsis

പുതിയ നിയമമനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ  സ്ഥിരമായും താത്കാലികമായുമുള്ള റിക്രൂട്ട്മെന്റുകള്‍  നടത്തണമെങ്കില്‍ യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് വേണം.

അബുദാബി: യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഡിസംബര്‍ 15ന് പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം മുതല്‍ തൊഴില്‍ സാഹചര്യങ്ങളും കരാര്‍ വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പുതിയ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിബന്ധനകളും ഇതിന്റെ ഭാഗമാണ്.

പുതിയ നിയമമനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ  സ്ഥിരമായും താത്കാലികമായുമുള്ള റിക്രൂട്ട്മെന്റുകള്‍  നടത്തണമെങ്കില്‍ യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് വേണം. 18 വയസില്‍ താഴെയുള്ള വ്യക്തിയെ ഗാര്‍ഹിക തൊഴിലാളിയായി നിയമിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കരാറില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ റിക്രൂട്ട്മെന്റ് ഏജന്‍സി  ലംഘിച്ചാല്‍ തൊഴിലുടമയ്ക്ക് ഗാര്‍ഹിക തൊഴിലാളിയെ നിയമിക്കാതിരിക്കാനും അവകാശമുണ്ടാവും.

തൊഴിലിന്റെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാതെ ഗാര്‍ഹിക തൊഴിലാളികളെ അവരുടെ രാജ്യത്തു നിന്ന് കൊണ്ടുവരാന്‍ പാടില്ല. അതുപോലെ തന്നെ അവരുടെ ആരോഗ്യസ്ഥിതി, രോഗങ്ങളുണ്ടെങ്കില്‍ അതിന്റെ വിവരം, മാനസിക നില തുടങ്ങിയ വിവരങ്ങള്‍ ജോലിക്ക് നിയമിക്കും മുമ്പ് ലഭ്യമാക്കുകയും വേണം.

യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം നിഷ്‍കര്‍ശിച്ചിരിക്കുന്ന ഫോര്‍മാറ്റില്‍ വേണം തൊഴില്‍ കരാര്‍ തയ്യാറാക്കാന്‍. തൊഴില്‍ സംബന്ധിച്ച നിബന്ധനകള്‍ ഇതില്‍ വിശദീകരിച്ചിരിക്കണം. റിക്രൂട്ട് ചെയ്യുന്ന കാലയളവ്, ശമ്പളം, ജോലിയുടെ സ്വഭാവം തുടങ്ങിയവ തൊഴിലുടമ കരാറില്‍ തന്നെ വിശദമാക്കണം. ഗാര്‍ഹിക തൊഴിലാളിയെ നാട്ടില്‍ നിന്ന് കൊണ്ടുവരുന്നതിന്റെ ചെലവും റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ഫീസും കരാറില്‍ പ്രതിപാദിച്ചിരിക്കണം.

കരാര്‍ വ്യവസ്ഥകള്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ലംഘിച്ചാല്‍ പകരം തൊഴിലാളിയെ ലഭ്യമാക്കുകയോ അല്ലെങ്കില്‍ പണം തിരികെ നല്‍കുകയോ വേണം. കരാര്‍ ലംഘനത്തിനും മറ്റ് നഷ്ടങ്ങള്‍ക്കും തൊഴിലുടമയ്ക്ക് ഏജന്‍സിക്കെതിരെ നിയമനടപടിയും സ്വീകരിക്കാം. നേരിട്ടോ അല്ലാതെയോ തൊഴിലാളികളുടെ നിയമനത്തിന് അവരില്‍ നിന്ന് ഫീസോ കമ്മീഷനോ വാങ്ങാന്‍ പാടില്ലെന്നും നിയമം പറയുന്നു.

ചൂഷണങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്ന മാനുഷിക ഇടപെടലായിരിക്കണം ഏജന്‍സികളില്‍ നിന്നുണ്ടാവേണ്ടത്. മതിയായ താമസ സൗകര്യവും ഭക്ഷണവും വസ്‍ത്രവും നല്‍കണം. കരാര്‍ അനുസരിച്ച് ജോലി ചെയ്യാന്‍ അവര്‍ക്ക് അവസരമൊരുക്കണം. ഒപ്പം തൊഴിലാളികളുടെ അന്തസും അഭിമാനവും കാത്തുസൂക്ഷിച്ചുകൊണ്ട് അവരോട് മാന്യമായി ഇടപെടേണ്ടത് തൊഴിലുടമയുടെയും ബാധ്യതയാണ്. കരാര്‍ അനുസരിച്ചും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടുള്ള ശമ്പളവും നല്‍കണം. ഒപ്പം ഗാര്‍ഹിക തൊഴിലാളിയുടെ എല്ലാ ചികിത്സാ ചെലവുകളും വഹിക്കുകയോ അവര്‍ക്ക് നിയമപ്രകാരം നല്‍കേണ്ട ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുയോ വേണം. 

തൊഴിലാളികള്‍ക്ക് അവരുടെ വ്യക്തിഗത തിരിച്ചറിയല്‍ രേഖകളെല്ലാം കൈവശം സൂക്ഷിക്കാന്‍ അവകാശമുണ്ട്. തൊഴിലാളിയുടെ മരണം സംഭവിക്കുകയാണെങ്കില്‍ നിയമപ്രകാരം അവരുടെ അനന്തരാവകാശികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളും നിയമത്തില്‍ പറയുന്നു. ജോലി സ്ഥലത്ത് തൊഴിലാളി പാലിക്കേണ്ട നിബന്ധനകളും കരാര്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ചും മറ്റൊരു തൊഴിലുടമയുടെ അടുത്തേക്ക് മാറുന്നത് സംബന്ധിച്ചുമെല്ലാം പുതിയ നിയമത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

Read also: അവധി കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം