16 മൂര്‍ത്തികള്‍ കുടികൊള്ളുന്ന ദുബൈയിലെ പുതിയ ഹൈന്ദവ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നപ്പോള്‍

By Jojy JamesFirst Published Oct 8, 2022, 3:02 PM IST
Highlights

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളെ അനുസ്‍മരിപ്പിച്ച് പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്. കൃഷ്ണശിലയിൽ തീര്‍ത്ത ഗുരുവായൂരപ്പനെയും അയ്യപ്പനെയും വിശ്വാസികൾക്ക് ഇവിടെ ദര്‍ശിക്കാം. കസവുമുണ്ടുടുത്ത് കേരള തനിമയോടെയാണ് അയ്യപ്പനെയും ഗുരുവായൂരപ്പനെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. 

ദുബായിലെ ആരാധനാ ഗ്രാമമായ ജബല്‍അലിയിൽ പുതിയ ഹൈന്ദവ ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു. ഭാരതീയ ഹൈന്ദവ പാരമ്പര്യത്തിന്റെ അന്തഃസത്തയും വിശ്വാസ രീതികളും സമന്വയിപ്പിച്ചാണ് ജബല്‍അലിയിൽ പുതിയ ക്ഷേത്രം ഉയർന്നിരിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിൽ ഇഴചേര്‍ന്ന് കിടക്കുന്ന സഹവര്‍ത്തിത്വത്തിന്റെ മാതൃകയെന്നോണം ഭാരതത്തിന്റെ ക്ഷേത്ര വാസ്തുവിദ്യക്കൊപ്പം അറേബ്യൻ വാസ്തുശൈലിയും സമന്വയിപ്പിച്ചാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. താമരപ്പൂവ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് രൂപകൽപന.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളെ അനുസ്‍മരിപ്പിച്ച് പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്. കൃഷ്ണശിലയിൽ തീര്‍ത്ത ഗുരുവായൂരപ്പനെയും അയ്യപ്പനെയും വിശ്വാസികൾക്ക് ഇവിടെ ദര്‍ശിക്കാം. കസവുമുണ്ടുടുത്ത് കേരള തനിമയോടെയാണ് അയ്യപ്പനെയും ഗുരുവായൂരപ്പനെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. സര്‍വാഭരണ വിഭൂഷിതനായ തിരുപ്പതി വെങ്കിടേശ്വരനും പത്നിമാരായ വള്ളിക്കും ദേവയാനിക്കുമൊപ്പം നിൽക്കുന്ന മുരുകനും ക്ഷേത്രത്തിലുണ്ട്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. 

സിഖ് മതവിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബും ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുക എന്ന ആശയമാണ് ക്ഷേത്രം മുന്നോട്ട് വയ്ക്കുന്നത് എന്ന് ട്രസ്റ്റീ രാജു ഷ്റോഫ് പറഞ്ഞു. ജബലലിയിലെ ആരാധനാഗ്രാമത്തിൽ സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യൻ പള്ളികളോടും ചേർന്നാണ് പുതിയ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം പ്രൗഡമായ ചടങ്ങിൽ യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു കൊടുത്തത്. യുഎഇയിലെ വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ക്ഷേത്രം തുറന്ന് നൽകിയത്. ബർദുബായി ക്ഷേത്രത്തിന്റെ മേൽനോട്ട ചുമതലയുള്ള സിന്ധി ഗുരു ദർബർ ക്ഷേത്രസമിതിക്കാണ് പുതിയ ക്ഷേത്രത്തിന്റെയും ചുമതല.

Read also: തിരുവനന്തപുരത്തു നിന്ന് ലണ്ടനിലേക്കൊരു സൈക്കിള്‍ ട്രിപ്പ്; ഒമാനും കടന്ന് യുഎഇയില്‍ എത്തിയ ഫായിസ് പറയുന്നത്

click me!