സൗദിയില്‍ തൊഴില്‍ കേസുകള്‍ ഇനി വേഗത്തില്‍ തീര്‍പ്പാകും; പ്രത്യേക കോടതികള്‍ ഈ മാസം 30 മുതല്‍

By Web TeamFirst Published Oct 17, 2018, 9:54 AM IST
Highlights

റിയാദ്, ദമ്മാം, ജിദ്ദ, മക്ക, മദീന, അബ്ഹാ, ബുറൈദ  തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ ആരംഭിക്കുക. കൂടാതെ സൗദിയിലെ കീഴ്കോടതികളില്‍ തൊഴില്‍ കോടതിയുടെ ബെഞ്ചുകളും സ്ഥാപിക്കും. 

റിയാദ്: സൗദിയിൽ തൊഴില്‍ കേസുകൾക്കായുള്ള പ്രത്യേക കോടതികള്‍ ഈ മാസം 30ന് പ്രാബല്യത്തിൽ വരും. നീണ്ടു പേവുന്ന തൊഴില്‍ കേസുകളിൽ പെട്ടെന്ന് തീർപ്പുകൽപ്പിക്കുന്നതിനാണ് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതെന്ന് തൊഴില്‍ മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍ രാജിഹി അറിയിച്ചു. 

റിയാദ്, ദമ്മാം, ജിദ്ദ, മക്ക, മദീന, അബ്ഹാ, ബുറൈദ  തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ ആരംഭിക്കുക. കൂടാതെ സൗദിയിലെ കീഴ്കോടതികളില്‍ തൊഴില്‍ കോടതിയുടെ ബെഞ്ചുകളും സ്ഥാപിക്കും. ഇതിനു പുറമെ തൊഴില്‍ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് ആറ് അപ്പീല്‍ കോടതികള്‍ വേറേയുമുണ്ടാകും. തൊഴില്‍ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പിക്കുകയാണ് ഇവയുടെ ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം 60,000 തൊഴില്‍ കേസുകളാണ് തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള തൊഴിൽ തര്‍ക്ക പരിഹാര സമിതികളില്‍ എത്തിയത്. നിലവില്‍ തൊഴില്‍ കാര്യാലയങ്ങളിലെ പ്രത്യേക സമിതിയാണ് തൊഴില്‍ കേസുകളില്‍ തീര്‍പ്പു കല്‍പിക്കുന്നത്. ഇത്തരം കേസുകളില്‍ മാസങ്ങളും ചിലതു വര്‍ഷത്തില്‍ അധികവും സമയമെടുത്താണ് തീർപ്പാകുന്നത്.
തൊഴില്‍ കേസുകള്‍ കൈകാര്യം ചെയ്യാൻ മാത്രമായി പ്രത്യേക കോടതികൾ വരുന്നതോടെ നിലവിലെ കാലതാമസത്തിനു പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

click me!