സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ നിലവില്‍ വന്നു

By Web TeamFirst Published Aug 3, 2019, 4:06 PM IST
Highlights

ഒരേ തൊഴിലുടമയ്ക്കോ സ്ഥാപനത്തിനോ കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാരെയും പുരുഷ ജീവനക്കാരെയും ഒരുപോലെ കാണണം. നിയമനങ്ങള്‍ നടത്തുമ്പോഴും ഒഴിവുകള്‍ പരസ്യം ചെയ്യുമ്പോഴുമൊക്കെ ഇത് പാലിക്കണം. 

റിയാദ്: പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിയതിന് പുറമെ സ്ത്രീകള്‍ക്ക് തുല്യ അവകാശം നല്‍കുന്ന കൂടുതല്‍ നിയമങ്ങള്‍ സൗദിയില്‍ പ്രാബല്യത്തില്‍ വന്നു. തൊഴില്‍ രംഗത്ത് സ്ത്രീകളെയും പുരുഷന്മാരെയും തുല്യരായി കണക്കാക്കാന്‍ സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തീരുമാനമെടുത്തതായി സൗദി ഗസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഒരേ തൊഴിലുടമയ്ക്കോ സ്ഥാപനത്തിനോ കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാരെയും പുരുഷ ജീവനക്കാരെയും ഒരുപോലെ കാണണം. നിയമനങ്ങള്‍ നടത്തുമ്പോഴും ഒഴിവുകള്‍ പരസ്യം ചെയ്യുമ്പോഴുമൊക്കെ ഇത് പാലിക്കണം. പ്രായം, ലിംഗവ്യത്യാസം തുടങ്ങിയവയുടെ പേരില്‍ യാതൊരു തരത്തിലുമുള്ള വിവേചനങ്ങള്‍ പാടില്ലെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതോടൊപ്പം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിരമിക്കല്‍ പ്രായം ഏകീകരിച്ചിട്ടുണ്ട്. നേരത്തെ സ്ത്രീകള്‍ക്ക് 55 വയസും പുരുഷന്മാര്‍ക്ക് 60 വയസുമായിരുന്നു വിരമിക്കല്‍ പ്രായം. ഇതും ഇനിമുതല്‍ ഒരുപോലെയാവും.

പ്രസവ അവധിക്ക് പോകുന്ന വനിതാ ജീവനക്കാരെ തൊഴിലുടമകള്‍ പിരിച്ചുവിടാനോ പിരിച്ചുവിടല്‍ നോട്ടീസുകള്‍ നല്‍കാനോ പാടില്ല. ഗര്‍ഭധാരണമോ അതുമായി ബന്ധപ്പെട്ട ശാരീരിക അവശതകളോ കാരണം വനിതാ ജീവനക്കാരെ പിരിച്ചുവിടാനോ മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കാനോ പാടില്ലെന്നും പുതിയ നിയമം അനുശാസിക്കുന്നു.

click me!