സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി ഇൻഡിഗോ, ആകാശ എയർ എന്നീ വിമാനക്കമ്പനികൾ സർവീസുകളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. ചില സർവീസുകൾ പുനരാരംഭിക്കുമ്പോൾ, മിക്ക സർവീസുകളും 2026, 2027 വരെ റദ്ദാക്കിയിരിക്കുകയാണ്.
റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പ്രവർത്തനപരമായ ഘടകങ്ങളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകളിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു. ജിദ്ദയിലേക്കും മദീനയിലേക്കും തിരഞ്ഞെടുത്ത വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇൻഡിഗോ തീരുമാനിച്ചപ്പോൾ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ 2026 ഡിസംബർ ഏഴ് വരെ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. അതേസമയം, സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് 2027 ജനുവരി വരെ നീട്ടുന്നതായി ആകാശ എയറും വ്യക്തമാക്കി.
സർവീസുകൾ റദ്ദാക്കിയത് ബാധിച്ച യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നൽകിയ കോൺടാക്റ്റ് വിവരങ്ങൾ വഴി കൃത്യസമയത്ത് അറിയിപ്പുകൾ നൽകുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ വഴി തങ്ങളുടെ വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കേണ്ടതാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും ഈ സാഹചര്യത്തിൽ യാത്രക്കാരുടെ സഹകരണവും മനസ്സിലാക്കലും പ്രതീക്ഷിക്കുന്നതായും ഇൻഡിഗോ പുറത്തിറക്കിയ യാത്രാ നിർദ്ദേശത്തിൽ പറയുന്നു.
നേരത്തെ 2026 നവംബർ 30 വരെ നിർത്തിവെച്ചിരുന്ന സർവീസുകളാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ യാത്രാ നിർദ്ദേശത്തിലൂടെ ആകാശ എയർ 2027 ജനുവരി വരെ നീട്ടിയത്. പുതിയ തീരുമാനപ്രകാരം ജിദ്ദയിലേക്കുള്ള വിമാന സർവീസുകൾ 2027 ജനുവരി 10 വരെയും റിയാദിലേക്കുള്ള വിമാന സർവീസുകൾ 2027 ജനുവരി 31 വരെയും റദ്ദാക്കിയിരിക്കുകയാണ്. സൗദിയിലെ വിമാനത്താവളങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് തുടരുന്ന സുരക്ഷാ ഭീഷണികളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് സർവീസുകൾ നീട്ടിവെക്കാൻ തീരുമാനിച്ചതെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ആകാശ എയർ വ്യക്തമാക്കി.
വിമാനങ്ങൾ റദ്ദാക്കിയത് മൂലം യാത്ര മുടങ്ങിയവർക്ക് മുഴുവൻ ടിക്കറ്റ് തുകയും തിരികെ ലഭിക്കുന്നതിനോ അധിക നിരക്കുകളില്ലാതെ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റിവെക്കുന്നതിനോ സൗകര്യമുണ്ടായിരിക്കുമെന്ന് ആകാശ എയർ അറിയിച്ചു. പണം തിരികെ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പണമടച്ച അതേ അക്കൗണ്ടിലേക്ക് ഏഴ് ദിവസത്തിനുള്ളിൽ തുക തിരികെ ലഭിക്കും. ട്രാവൽ ഏജൻസികൾ വഴിയോ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്തവർ റീഫണ്ടിനോ യാത്ര മാറ്റിവെക്കുന്നതിനോ അതത് ഏജൻസികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് കമ്പനി നിർദ്ദേശിച്ചു.
പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും വലിയ തിരിച്ചടിയാകുന്നതാണ് വിമാനക്കമ്പനികളുടെ ഈ തീരുമാനങ്ങൾ. സുരക്ഷാ കാരണങ്ങളാൽ മറ്റ് പല അന്താരാഷ്ട്ര വിമാനക്കമ്പനികളും സൗദിയിലേക്കുള്ള സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കാൻ എല്ലാ യാത്രക്കാർക്കും നിർദ്ദേശമുണ്ട്.












