ഓരോ രാജ്യത്തുനിന്നുമെത്തുന്ന പ്രവാസികള്‍ക്ക് നാളെ മുതല്‍ ബാധകമാവുന്ന മാനദണ്ഡങ്ങള്‍ ഇവയാണ്

Published : Jun 24, 2020, 08:54 PM ISTUpdated : Jun 24, 2020, 08:55 PM IST
ഓരോ രാജ്യത്തുനിന്നുമെത്തുന്ന പ്രവാസികള്‍ക്ക് നാളെ മുതല്‍ ബാധകമാവുന്ന മാനദണ്ഡങ്ങള്‍ ഇവയാണ്

Synopsis

എല്ലാ യാത്രക്കാരും കൊവിഡ് ജാഗ്രതാ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരം നല്‍കണം. എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രോട്ടോള്‍ അനുസരിച്ചുള്ള സ്ക്രീനിങിന് വിധേയമാകണം.

തിരുവനന്തപുരം: നാളെ മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലും സ്വകാര്യ വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക നടപടികള്‍ ബാധകമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റിന് സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാവരും ടെസ്റ്റ് നടത്താന്‍ ശ്രമിക്കണം. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. യാത്രാ സമയത്തിന് 72 മണിക്കൂറിനുള്ളില്‍ ആയിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ സാധുത 72 മണിക്കൂറായിരിക്കും. എല്ലാ യാത്രക്കാരും കൊവിഡ് ജാഗ്രതാ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരം നല്‍കണം. എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രോട്ടോള്‍ അനുസരിച്ചുള്ള സ്ക്രീനിങിന് വിധേയമാകണം.

രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും. വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും, രോഗലക്ഷമില്ലെങ്കില്‍ കൂടി സംസ്ഥാനത്തെ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റില്‍ പോസിറ്റീവാകുന്നവര്‍ ആര്‍.ടി. പി.സി.ആര്‍ അല്ലെങ്കില്‍ ജീന്‍ എക്സ്പ്രസ്, അതുമല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് റിസള്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും 14 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം.

എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍ 95 മാസ്ക്, ഫേസ് ഷീല്‍ഡ്, കൈയുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം.  ഖത്തറില്‍ നിന്ന് വരുന്നവര്‍ ആ രാജ്യത്തിന്റെ 'ഇഹ്തിറാസ്' എന്ന മൊബൈല്‍ ആപില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവരാകണം. അവര്‍ ഇവിടെയെത്തുമ്പോള്‍ കൊവിഡ് ടെസ്റ്റിന് വിധേയമാകണം. യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രാജ്യത്തിന് പുറത്തേക്ക് വിമാനമാര്‍ഗം പോകുന്ന മുഴുവന്‍ പേരെയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.

ഒമാന്‍ ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ എന്‍ 95 മാസ്‍ക്, ഫേസ് ഷീല്‍ഡ്, കൈയുറ എന്നിവ നിര്‍ബദ്ധമായും ധരിക്കണം. അതോടൊപ്പം സാനിറ്റൈസറും കരുതണം. സൗദി അറേബ്യയില്‍ നിന്ന് വരുന്നവര്‍ എന്‍ 95 മാസ്കും ഫേസ് ഷീല്‍ഡും കൈയുറയും ധരിയ്ക്കുന്നതിന് പുറമെ പി.പി.ഇ കിറ്റും ധരിക്കണം. കുവൈത്തില്‍ നിന്ന് കൊവിഡ് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പി.പി.ഇ കിറ്റ് ധരിച്ചിരിക്കണം. വിമാനത്താവളത്തിലെത്തിയാല്‍ ഇരു രാജ്യങ്ങളിലുള്ളവരും കൊവിഡ് ടെസ്റ്റിന് വിധേയമാകണം.

യാത്രക്കാര്‍ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ്, കൈയുറ, മാസ്ക് എന്നിവ വിമാനത്താവളത്തില്‍ വെച്ചുതന്നെ സുരക്ഷിതമായി നീക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കും. വിമാനത്താവളങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യമൊരുക്കും. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ ലംഘിക്കന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, പകര്‍ച്ച വ്യാധി തടയല്‍ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ഇക്കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തെയും ബന്ധപ്പെട്ട എംബസികളെയും അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ