Latest Videos

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; സൗദിയില്‍ ഇനി ഈ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷ

By Web TeamFirst Published Nov 4, 2018, 12:12 AM IST
Highlights

പരിഷ്‌ക്കരിച്ച ട്രാഫിക് നിയമം അനുസരിച്ചു ആറുമാസം കഴിഞ്ഞിട്ടും ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ സർക്കാർ സേവനങ്ങൾ വിലക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

അബുദാബി: സൗദി അറേബ്യയില്‍ ട്രാഫിക്ക് നിയമങ്ങള്‍ ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി  ട്രാഫിക് നിയമം പരിഷ്‌കരിച്ചു. ഗുരുതര അപകടങ്ങൾ വരുത്തുന്നവർക്കു ഇനിമുതല്‍ കടുത്ത ശിക്ഷ ഈടാക്കും. പരിഷ്‌ക്കരിച്ച ട്രാഫിക് നിയമം അനുസരിച്ചു ആറുമാസം കഴിഞ്ഞിട്ടും ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ സർക്കാർ സേവനങ്ങൾ വിലക്കുമെന്നും അധികൃതര്‍ അറിയിച്ചു. എക്സ് പ്രസ് വേകൾ മുറിച്ചു കടക്കുന്ന കാൽനടക്കാർക്ക് ആയിരം മുതൽ 2000 റിയാൽ വരെയായിരിക്കും പിഴ. 

ആളപായത്തിനും അംഗഭംഗത്തിനും ഇടയാക്കുന്ന വാഹനാപകടങ്ങൾക്കു കരണക്കാരാകുന്ന ഡ്രൈവർമാർക്ക് നാല് വർഷം വരെ തടവും രണ്ടു ലക്ഷം റിയാൽ വരെ പിഴയുമാണ് പരിഷ്‌ക്കരിച്ച  ട്രാഫിക് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയതായി അറിയിപ്പ് ലഭിച്ചു ആറു മാസം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്ത പക്ഷം അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഗതാഗത നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ 20,000 റിയാലിൽ എത്തുന്ന പക്ഷം നിയമ ലംഘകർക്കെതിരായ കേസുകൾ പ്രത്യേക കോടതിക്ക് കൈമാറും.

പിഴ ഒടുക്കുന്നതുവരെ സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങളും വിലക്കും. വാഹനങ്ങളിൽ നിന്ന് പുറത്തേക്കു മാലിന്യങ്ങൾ വലിച്ചെറിയൽ, കാലാവധി തീർന്ന ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ, കുട്ടികൾക്കുള്ള സുരക്ഷാ സീറ്റുകൾ ഉപയോഗിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങൾക്കു 300 മുതൽ 500 റിയാൽവരെയാണ് പിഴ. ചുവപ്പു സിഗ്നൽ മറികടക്കൽ, കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്കൂൾ ബസുകളെ മറികടക്കൽ എന്നീ കുറ്റങ്ങൾക്ക് 3000 മുതൽ 6000 റിയാൽവരെയാണ് പരിഷ്കരിച്ച ട്രാഫിക് പിഴ.

ഓഫാക്കാതെ വാഹനം നിർത്തി പുറത്തുപോകുന്നതിനും പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ കൂടി റോഡു മുറിച്ചു കടക്കുന്ന കാൽനട യാത്രക്കാർക്ക് മുൻഗണന നല്കാത്തതിനും 100 മുതൽ 150 റിയാൽ വരെ പിഴ ലഭിക്കും.
പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽകൂടിയല്ലാതെ റോഡ് മുറിച്ചു കടക്കുന്ന കാൽനട യാത്രക്കാർക്കും ഈ പിഴ ലഭിക്കും.

click me!