
അബുദാബി: യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ ആയിരം ദിര്‍ഹത്തിന്റെ പുതിയ നോട്ടുകള്‍ ഏപ്രില്‍ 10 മുതല്‍ ബാങ്കുകള്‍ വഴിയും മണി എക്സ്ചേഞ്ച് ഹൗസുകള്‍ വഴിയും ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും. നേരത്തെ യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുറത്തിറക്കിയ പുതിയ നോട്ടാണ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്.
യുഎഇ രാഷ്‍ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച ഹോപ്പ് പ്രോബും നോട്ടില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സമീപകാല ചരിത്രത്തില്‍ യുഎഇ കൈവരിച്ച രണ്ട് സുപ്രധാന നേട്ടങ്ങളായാണ് ഇവയെ രാജ്യം വിലയിരുത്തുന്നത്. ഒപ്പം ഇവയുള്‍പ്പെടെയുള്ള നാഴികക്കല്ലുകള്‍ പിന്നിടാന്‍ രാഷ്‍ട്രത്തെ പ്രാപ്‍തമാക്കിയ ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണം കൂടിയാണ് നോട്ടിലെ സന്ദേശം.
ബഹിരാകാശ വാഹനത്തിന്റെ പശ്ചാത്തലത്തിലുള്ള ശൈഖ് സായിദിന്റെ ചിത്രം 1976ല്‍ അദ്ദേഹം നാസ മേധാവികളുമായി നടത്തിയ ചര്‍ച്ചയുടെ ഓര്‍മയാണ്. തൊട്ടുമുകളില്‍ യുഎഇയുടെ ചൊവ്വാ പരിവേക്ഷണ ദൗത്യത്തിന്റെ ഭാഗമായ ഹോപ്പ് പ്രോബുമുണ്ട്. ബഹിരാകാശ സഞ്ചാരിയുടെ ചിത്രത്തോടെയുള്ള സെക്യൂരിറ്റി മാര്‍ക്കാണ് പുതിയ നോട്ടിലുള്ളത്. ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളും നോട്ടില്‍ കൊണ്ടുവന്നിട്ടുണ്ട്.
നോട്ടിന്റെ പിന്‍വശത്ത് ബറാക ആണവോര്‍ജ പ്ലാന്റിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. പോളിമര്‍ മെറ്റീരിയലുകൊണ്ടാണ് പുതിയ നോട്ട് നിര്‍മിച്ചിരിക്കുന്നത്. പേപ്പറിനേക്കാള്‍ ഇത് ഈടുനില്‍ക്കുമെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ കാലം നോട്ടുകള്‍ ഉപയോഗിക്കാമെന്നും യുഎഇ കേന്ദ്ര ബാങ്ക് നോട്ട് പുറത്തിറക്കിയ സമയത്ത് അറിയിച്ചിരുന്നു.
Read also: യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് 11 കോടി നഷ്ടപരിഹാരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam