നേരത്തെ യുഎഇ ഇന്‍ഷുറന്‍സ് അതോരിറ്റി കേസില്‍ 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ അഭിഭാഷകര്‍ ദുബൈ പ്രാഥമിക കോടതിയില്‍ അപ്പീല്‍ നല്‍കി. അവിടെ നിന്നാണ് നഷ്ടപരിഹാരം 50 ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തിക്കൊണ്ട് വിധിയുണ്ടായത്. 

ദുബൈ: യുഎഇയിലുണ്ടായ ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് 50 ലക്ഷം ദിര്‍ഹത്തിന്റെ (11.1 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 2019 ജൂണ്‍ മാസത്തില്‍ യുഎഇയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ബൈഗ് മിര്‍സ എന്ന വിദ്യാര്‍ത്ഥിക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. അപകടം നടക്കുമ്പോള്‍ ഇരുപത് വയസ് മാത്രം പ്രായമുണ്ടായിരുന്ന യുവാവ് റാസല്‍ഖൈമയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരന്നു.

നേരത്തെ യുഎഇ ഇന്‍ഷുറന്‍സ് അതോരിറ്റി കേസില്‍ 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്‍ യുവാവിന്റെ അഭിഭാഷകര്‍ ദുബൈ പ്രാഥമിക കോടതിയില്‍ അപ്പീല്‍ നല്‍കി. അവിടെ നിന്നാണ് നഷ്ടപരിഹാരം 50 ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തിക്കൊണ്ട് വിധിയുണ്ടായത്. വിധിക്കെതിരെ രണ്ട് തവണ ഇന്‍ഷുറന്‍സ് കമ്പനി യുഎഇ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും വിധി ശരിവെയ്ക്കുകയായിരുന്നു.

2019 ജൂണ്‍ മാസം പെരുന്നാള്‍ അവധിക്കാലത്താണ് യുഎഇയിലെ ഏറ്റവും വലിയ ബസ് അപകടങ്ങളിലൊന്ന് സംഭവിച്ചത്. ഒമാനില്‍ നിന്ന് ദുബൈയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് അല്‍ റാഷിദിയ മെട്രോ സ്റ്റേഷന്‍ റോഡിലേക്ക് വാഹനം കടക്കുന്നതിനിടെ റോഡിലുണ്ടായിരുന്ന ഹൈറ്റ് ബാരിയറില്‍ ഇടിച്ച് ബസിന്റെ മുകള്‍ ഭാഗം പൂര്‍ണമായി തകരുകയാരുന്നു. ബസിലുണ്ടായിരുന്ന 31 യാത്രക്കാരില്‍ 17 പേരും മരിച്ചു. ഇവരില്‍ തന്നെ 12 പേര്‍ ഇന്ത്യക്കാരായിരുന്നു.

അപകടം നടക്കുമ്പോള്‍ 20 വയസ് പ്രായമുണ്ടായിരുന്ന മിര്‍സ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം ഒമാനില്‍ പോയി മടങ്ങിവരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം രണ്ട് മാസം ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതില്‍ തന്നെ 14 ദിവസം പൂര്‍ണമായും അബോധാവസ്ഥയിലായിരുന്നു. ആശുപത്രി വിട്ടശേഷം റീഹാബിലിറ്റേഷന്‍ ചികിത്സയ്ക്കും വിധേയമായി.

ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയായിരുന്ന മിര്‍സയ്ക്ക് പരീക്ഷ എഴുതാനായില്ല. തലച്ചോറിനേറ്റ ഗുരുതര ക്ഷതം കാരണം മിര്‍സ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത വളരെ കുറവാണെന്ന് ചികിത്സയ്ക്കിടെ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. തലയോട്ടിക്കും ചെവിക്കും വായയ്ക്കും ശ്വാസകോശങ്ങള്‍ക്കും കൈകാലുകള്‍ക്കുമമെല്ലാം പരിക്കേറ്റിരുന്നു. തലച്ചോറിന് 50 ശതമാനം സ്ഥിര വൈകല്യം സംഭവിച്ചതായി ഫോറന്‍സിക് മെഡിക്കല്‍ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. 

അപകടമുണ്ടാക്കിയ ബസിന്റെ ഒമാന്‍ സ്വദേശിയായ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവാണ് കോടതി വിധിച്ചത്. ഇതിന് പുറമെ ഇയാള്‍ 34 ലക്ഷം റിയാല്‍ ബ്ലഡ് മണി നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. മിര്‍സയുടെ അപകടത്തെ തുടര്‍ന്ന് കുടുംബം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്ന് അഭിഭാഷകര്‍ പറഞ്ഞു. നഷ്ടപരിഹാരത്തുക കൊണ്ട് കുടുംബത്തിന് ചെറിയ രീതിയിലെങ്കിലും അത് അതിജീവിക്കാനാവുമെന്നും അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. 

ഷാര്‍ജ ആസ്ഥാനമായുള്ള ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സിലെ സീനിയര്‍ അഭിഭാഷകരായ ഈസ അനീസ്, അഡ്വ. യു.സി അബ്‍ദുല്ല, അഡ്വ. മുഹമ്മദ് ഫാസില്‍ തുടങ്ങിയവര്‍ക്കൊപ്പം ഫ്രാന്‍ ഗള്‍ഫ് അഡ്വക്കേറ്റ്സ് ചീഫ് അഡ്വൈസര്‍ അഡ്വ. ശരീഫ് അല്‍ വര്‍ദ, യുഎഇ അഭിഭാഷകരായ ഹസന്‍ അശൂര്‍ അല്‍ മുല്ല, ഫാരിദ് അല്‍ ഹസന്‍ തുടങ്ങിയവര്‍ രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മിര്‍സയ്ക്ക് വേണ്ടി ഹാജരായി. 

Read also: ദുബൈയില്‍ സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഏഴ് ലക്ഷം ദിര്‍ഹം തട്ടിയ സംഭവത്തില്‍ നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു