കോള്‍ഡ് സ്‌റ്റോറേജ് ട്രക്കുകളില്‍ കവര്‍ച്ച; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ സൗദിയില്‍ അറസ്റ്റില്‍

By Web TeamFirst Published Jul 21, 2020, 6:25 PM IST
Highlights

മൂന്ന് ലക്ഷം റിയാല്‍ വിലമതിക്കുന്ന വസ്തുക്കളാണ് സംഘം മോഷ്ടിച്ചത്. മോഷണവസ്തുക്കള്‍ രഹസ്യമായി ഒളിപ്പിക്കുകയും വില്‍പ്പന നടത്തുകയുമായിരുന്നു സംഘത്തിലെ രണ്ടുപേരുടെ ചുമതല.

റിയാദ്: ഭക്ഷ്യ വസ്തുക്കള്‍ നീക്കം ചെയ്യുന്ന കോള്‍ഡ് സ്‌റ്റോറേജ് ട്രക്കുകളില്‍ നിന്ന് ശീതീകരണ ഉപകരണങ്ങള്‍ കവരുന്നത് പതിവാക്കിയ ഒമ്പതംഗ സംഘം സൗദി അറേബ്യയില്‍ അറസ്റ്റില്‍. ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ട സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസിനെ ഉദ്ധരിച്ച് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

അറസ്റ്റിലായവരില്‍ ഏഴു പേര്‍ സുഡാനികളും ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ഈജിപ്ത് സ്വദേശിയുമാണ്. സംഘം നൂറോളം കവര്‍ച്ചകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം റിയാല്‍ വിലമതിക്കുന്ന വസ്തുക്കളാണ് ഇവര്‍ മോഷ്ടിച്ചത്. മോഷണവസ്തുക്കള്‍ രഹസ്യമായി ഒളിപ്പിക്കുകയും വില്‍പ്പന നടത്തുകയുമായിരുന്നു സംഘത്തിലെ രണ്ടുപേരുടെ ചുമതല. ഇവരുടെ പക്കല്‍ നിന്നും 40,000ത്തിലേറെ റിയാലും യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും കണ്ടെത്തി. പ്രതികള്‍ മോഷ്ടിച്ച 15 ശീതീകരണ ഉപകരണങ്ങള്‍ പിടിച്ചെടുത്തതായി മേജര്‍ ഖാലിദ് അല്‍കുറൈദിസ് വ്യക്തമാക്കി. 
 

click me!