ബാര്‍ നര്‍ത്തകിമാരാകാന്‍ യുഎഇയിലെത്തിയ മലയാളികളടക്കമുള്ള യുവതികളെ പീഡിപ്പിച്ചു

By Web TeamFirst Published May 31, 2020, 1:18 PM IST
Highlights

ഇവന്റ്‌സ് മാനേജര്‍, ബാര്‍ ഡാന്‍സര്‍ എന്നീ ജോലികള്‍ നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ഇവര്‍ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയത്.

ദുബായ്: യുഎഇയില്‍ ജോലി തേടിയെത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ യുവതികളെ  പീഡിപ്പിച്ചു. ഫുജൈറയിലെ ഹോട്ടലുകളില്‍ പീഡനത്തെ അതീജിവിച്ച യുവതികളെ രക്ഷപ്പെടുത്തിയതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. നാല് യുവതികള്‍ ഇന്ത്യയിലേക്ക് മടങ്ങി. ബാക്കിയുള്ളവര്‍ സുരക്ഷിതരാണെന്നും ഉടന്‍ തന്നെ യാത്ര തിരിക്കുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. 

ആറ് മാസം മുമ്പാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ ജോലി തേടി യുഎഇയിലെത്തിയത്. ഇവന്റ്‌സ് മാനേജര്‍, ബാര്‍ ഡാന്‍സര്‍ എന്നീ ജോലികള്‍ നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ഇവര്‍ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയത്. എന്നാല്‍ ഫുജൈറയിലെ ഹോട്ടലില്‍ എത്തിപ്പെട്ട ഇവര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു. 

മറ്റൊരു ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതായും യുവതികള്‍ പരാതിപ്പെട്ടു. മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ വീതമാണ് എല്ലാവര്‍ക്കും ഏജന്റ് വാഗ്ദാനം ചെയ്തത്. ഒരാഴ്ച മുമ്പ് തമിഴ്‌നാട് സ്വദേശിയായ യുവതി അയച്ച ശബ്ദ സന്ദേശമാണ് ഇവരുടെ മോചനത്തിന് കാരണമായത്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ കര്‍ണാടക ഡിജിപിയ്ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് ദുബായ് കോണ്‍സുലേറ്റിന് വിവരം കൈമാറുകയുമായിരുന്നു. ഇതോടെ അധികൃതര്‍ ഫുജൈറ പൊലീസിന്റെ സഹായത്തോടെ ഹോട്ടലുകള്‍ കണ്ടെത്തി യുവതികളെ രക്ഷപ്പെടുത്തി.

(ചിത്രം- കോണ്‍സല്‍ ജനറല്‍ വിപുല്‍ യുവതികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു)

We are in regular touch with these women and they are safe. 4 of them are returning to India today and the remaining will be travelling back in the next couple of days. pic.twitter.com/EuVH2NUT8U

— India in Dubai (@cgidubai)
click me!