പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അര്‍പ്പിക്കാനൊരുങ്ങി ജന്മനാട് ; നിതിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

By Web TeamFirst Published Jun 10, 2020, 12:21 PM IST
Highlights

പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവിൽ എത്തിയാണ് നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്. നിതിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടു.

കോഴിക്കോട്: ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി ഷാര്‍ജയില്‍ മരിച്ച നിതിന്‍ ചന്ദ്രന്‍റെ ഭൗതികശരീരം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിച്ചു. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് മൃതദേഹം കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒരു മണിയോടെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടത്തും.

പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവിൽ എത്തിയാണ് നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്. നിതിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടു. വീൽചെയറിൽ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനാണ് ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് സൗകര്യം ഒരുക്കിയിരുന്നത്. 

കൊവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാൻ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ആതിരയും നിതിനും വാര്‍ത്തകളിൽ ഇടം നേടുന്നത്. ആദ്യ വിമാനത്തിൽ തന്നെ ആതിര നാട്ടിലെത്തുകയും ചെയ്തു. അതിനിടെയാണ് നിതിന്‍റെ നിതിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തുന്നത്.  നിതിന്‍റെ മരണം അറിയിക്കാതെയാണ് ആതിരയെ ആശുപത്രിയിലാക്കിയത്. ഇന്നലെ ഉച്ചക്ക് പെൺകുഞ്ഞിന് ജൻമം നൽകിയ ആതിരയെ പുറത്ത് നടക്കുന്ന വാര്‍ത്തകൾ അറിയാക്കാതെ ബന്ധുക്കളും ആശുപത്രി അധികൃതരും കരുതലെടുത്തിരുന്നു. ഫോണോ ടിവിയോ എല്ലാം ഒഴിവാക്കിയാണ് ബന്ധുക്കൾ ആതിരയെ സംരക്ഷിച്ചത്. 

രാവിലെ ഡോക്ടര്‍മാരുടെ സംഘം ആതിരയെ നിതിന്‍റെ മരണ വിവരം അറിയിച്ചത്. ആദ്യം ജീവനില്ലാതെ നിതിനെ കാണേണ്ടെന്ന് പറഞ്ഞ ആതിര പിന്നീട് ഒരു നോക്ക് കണ്ടാൽ മതിയെന്ന് അറിയിക്കുകയായിരുന്നു .ഇതനുസരിച്ചാണ് ആശുപത്രിക്ക് സമീപം അവസാന കൂടിക്കാഴ്ച്ചക്കുള്ള സൗകര്യം ഒരുക്കിയത്. 

രാവിലെയാണ് നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിൽ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്.  ആദ്യം ആതിരയെ കാണിക്കാൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാട്ടിലും വീട്ടിലും ഏറെ പ്രിയപ്പെട്ടവനായിരുന്നു നിതിൻ. ആതിരയുടെ പ്രസവത്തിന് നാട്ടിലെത്തുമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും എല്ലാം നിതിൻ പറ‍ഞ്ഞിരുന്നു. വിയോഗ വാര്‍ത്ത വലിയ ആഘാതമായി നാടിനും. ഒട്ടേറെ പേരാണ് പേരാമ്പ്രയിലെ വീടിന് പരിസരത്ത് രാവിലെ മുതൽ എത്തിയിട്ടുള്ളത്.

അവസാനം ആതിര ആ വാര്‍ത്ത അറിഞ്ഞു; ചേതനയറ്റ നിതിനെ കാണാൻ വീൽചെയറിൽ മോര്‍ച്ചറിക്കരികിലേക്ക്

"

click me!