Asianet News MalayalamAsianet News Malayalam

അവസാനം ആതിര ആ വാര്‍ത്ത അറിഞ്ഞു; ചേതനയറ്റ നിതിനെ കാണാൻ വീൽചെയറിൽ മോര്‍ച്ചറിക്കരികിലേക്ക്

ഡോക്ടര്‍മാരുടെ സംഘം ഐസിയുവിൽ എത്തിയാണ് നിതിന്‍റെ വിയോഗ വാര്‍ത്ത ആതിരയെ അറിയിച്ചത് 

nidhin s deadbody reach kozhikkode
Author
Kozhikode, First Published Jun 10, 2020, 10:30 AM IST

കോഴിക്കോട്: ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ആ ദുഖ വാര്‍ത്ത ഒടുവിൽ ആതിര അറിഞ്ഞു. പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവിൽ എത്തിയാണ്  നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്. നിതിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടു. വീൽചെയറിൽ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനാണ് ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് സൗകര്യം ഒരുക്കിയിരുന്നത്. 

കൊവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാൻ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ആതിരയും നിതിനും വാര്‍ത്തകളിൽ ഇടം നേടുന്നത്. ആദ്യ വിമാനത്തിൽ തന്നെ ആതിര നാട്ടിലെത്തുകയും ചെയ്തു. അതിനിടെയാണ് നിതിന്‍റെ നിതിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തുന്നത്.  നിതിന്‍റെ മരണം അറിയിക്കാതെയാണ് ആതിരയെ ആശുപത്രിയിലാക്കിയത്. ഇന്നലെ ഉച്ചക്ക് പെൺകുഞ്ഞിന് ജൻമം നൽകിയ ആതിരയെ പുറത്ത് നടക്കുന്ന വാര്‍ത്തകൾ അറിയാക്കാതെ ബന്ധുക്കളും ആശുപത്രി അധികൃതരും കരുതലെടുത്തിരുന്നു. ഫോണോ ടിവിയോ എല്ലാം ഒഴിവാക്കിയാണ് ബന്ധുക്കൾ ആതിരയെ സംരക്ഷിച്ചത്. 

മോര്‍ച്ചറിക്ക് സമീപത്ത് ആംബുലൻസ് എത്തിച്ചാണ് ആതിരക്ക് നിതിനെ കാണാൻ അവസരം ഒരുക്കിയത്. രാവിലെ ഡോക്ടര്‍മാരുടെ സംഘം ആതിരയെ നിതിന്‍റെ മരണ വിവരം അറിയിച്ചത്. ആദ്യം ജീവനില്ലാതെ നിതിനെ കാണേണ്ടെന്ന് പറഞ്ഞ ആതിര പിന്നീട് ഒരു നോക്ക് കണ്ടാൽ മതിയെന്ന് അറിയിക്കുകയായിരുന്നു .ഇതനുസരിച്ചാണ് ആശുപത്രിക്ക് സമീപം അവസാന കൂടിക്കാഴ്ച്ചക്കുള്ള സൗകര്യം ഒരുക്കിയത്. 

രാവിലെയാണ് നിധിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിൽ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്.  ആദ്യം ആതിരയെ കാണിക്കാൻ ആശുപത്രിൽ എത്തിക്കുകയായിരുന്നു.  പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ചതിനു ശേഷം പേരാമ്പ്രയിലെ  കൊണ്ടുപോകാനാണ് തീരുമാനം. വൈകീട്ടാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിട്ടുള്ളത്.

നാട്ടിലും വീട്ടിലും എല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു നിതിൻ. ആതിരയുടെ പ്രസവത്തിന് നാട്ടിലെത്തുമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും എല്ലാം നിതിൻ പറ‍ഞ്ഞിരുന്നു. വിയോഗ വാര്‍ത്ത വലിയ ആഘാതമായി നാടിനും. ഒട്ടേറെ പേരാണ് പേരാമ്പ്രയിലെ വീടിന് പരിസരത്ത് രാവിലെ മുതൽ എത്തിയിട്ടുള്ളത്.

 തുടര്‍ന്ന് വായിക്കാംനിധിൻ മരിച്ചതറിയാതെ ആതിര പ്രസവിച്ചു; അച്ഛന്റെ നോവോർമ്മകളിലേക്ക് പെൺകുഞ്ഞ്.....

Also Read:  ഒപ്പമുള്ളവര്‍ക്കായി മാത്രം ജീവിച്ച നിധിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ പ്രവാസികള്‍ 

ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ആതിരയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് അന്ന് നിതിന്‍ പറഞ്ഞിരുന്നു. പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ആദ്യ വിമാനത്തില്‍ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. അന്ന് ഭാര്യയ്ക്കൊപ്പം നാട്ടില്‍ പോകാന്‍ നിതിനും അനുമതി ലഭിച്ചിരുന്നെങ്കിലും അത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്.

Also Read: ആതിര നാട്ടിലേക്ക് മടങ്ങി, നിധിന്‍ മരണത്തിലേക്കും; പ്രവാസി മലയാളി സമൂഹത്തിന് നൊമ്പരമായി യുവാവിന്‍റെ മരണം

സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഇടപെടലുണ്ടാക്കിയതിനുള്ള നന്ദി സൂചകമായി ഷാഫി പറമ്പിൽ എം.എൽ.എ ആതിരക്ക് വിമാന ടിക്കറ്റ് സംഭാവന ചെയ്തിരുന്നു. എന്നാൽ ടിക്കറ്റ് വാങ്ങാനുള്ള പണം ഉണ്ടെന്ന് വ്യക്തമാക്കിയ ആതിരയും നിതിനും പകരം രണ്ടു പേർക്ക് ടിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. അച്ഛനാകാന്‍ പോകുന്ന സന്തോഷത്തോടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നതിനിടെയാണ് 28കാരനായ അദ്ദേഹത്തെ അപ്രതീക്ഷിതമായി മരണം തേടിയെത്തിയത്.

Follow Us:
Download App:
  • android
  • ios