
മനാമ: സംസ്ഥാന ബഡ്ജറ്റ് പ്രവാസികൾ അടക്കം എല്ലാ ജനവിഭാഗങ്ങളെയും പൂർണ്ണമായും നിരാശരാക്കിയെന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. കടലാസ് രഹിത ബജറ്റ് എന്നു പറഞ്ഞ് ഐ പാഡ് കൊണ്ട് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ വന്ന സംസ്ഥാന ധനകാര്യ മന്ത്രിയെ കണ്ടപ്പോൾ കൗതുകം തോന്നി. കമ്പ്യുട്ടർ വിരുദ്ധ സമരത്തിലൂടെ നേതൃനിരയിലേക്ക് കടന്നുവന്ന ആളാണ് അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കിയ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പ്രവാസികൾക്ക് അടക്കം പ്രഖ്യാപിച്ചിരുന്ന ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ബജറ്റിൽ കാണുവാൻ സാധിച്ചിട്ടില്ല. അഞ്ച് വർഷം മാത്രം കാലാവധി ഉള്ള സർക്കാരിന്റെ രണ്ടാമത് ബജറ്റ് ആണ് അവതരിപ്പിച്ചത്. ഇനി എത്ര കാലം നോക്കിയിരിക്കണം. സ്വകാര്യ മേഖലയിൽ പുതിയ ഐ ടി പാർക്കുകൾ നടപ്പിലാക്കും എന്ന ബജറ്റ് നിർദേശത്തിൽ പ്രവാസികൾക്ക് സംവരണം ഏർപ്പെടുത്താനും, അവിടെ ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളിൽ അൻപത് ശതമാനം എങ്കിലും കൊവിഡ് മൂലവും സ്വദേശിവത്കരണം മൂലവും തൊഴിൽ നഷ്ടപെട്ട പ്രവാസികൾക്കായി മാറ്റിവയ്‍ക്കണമെന്നും ഒഐസിസി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം കഴിഞ്ഞു തൊഴിൽ തേടുന്ന, പുതിയ സാങ്കേതിക വിദ്യ അഭ്യസിച്ച,പുതിയ തലമുറയോട് മത്സരിച്ചു കൊണ്ട് തൊഴിൽ നേടുക എന്നത് പത്തും ഇരുപതും വർഷം വിദേശത്ത് ജോലി നോക്കി, തൊഴിൽ നഷ്ടപെട്ട ആളുകൾക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. അതിനെ മറികടക്കുവാൻ സംവരണം മാത്രമാണ് പോംവഴി. ഇരുചക്ര വാഹനങ്ങൾക്കും, രണ്ടു ലക്ഷം വരെ വില വരുന്ന വാഹനങ്ങൾക്കും നികുതി വർധിപ്പിച്ചത് സാധാരണക്കാരോടും, പാവങ്ങളോടും കാണിക്കുന്ന ക്രൂരതയാണ്. ബസ് കാശ് മുടക്കി ഭാര്യയും ഭർത്താവും തൊഴിലിനു പോകുന്നവർ രണ്ടു പേർക്കും മുടക്കുന്ന ബസ്സ് ടിക്കറ്റിൽ നിന്ന് മോചനം നേടുന്നതിന് വേണ്ടിയാണ് ഇരുചക്ര വാഹനങ്ങളിൽ ജോലിക്ക് പോകുന്നത്. അങ്ങനെയുള്ള ആളുകൾക്ക് സബ്‌സിഡി നിരക്കിൽ വാഹനം നൽകുന്നതിന് പകരം നികുതി നിരക്ക് വർധിപ്പിച്ചുകൊണ്ട് പാവങ്ങളെ ബുദ്ധിമുട്ടിക്കാൻ ആണ് സംസ്ഥാന സർക്കാർ തയാറായത്.
കൂടാതെ പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് അൻപത് ശതമാനം ഹരിത നികുതി വർധിപ്പിക്കാൻ എടുത്ത തീരുമാനം പ്രതിഷേധാർഹമാണ്. പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നത് പാവപ്പെട്ട ആളുകൾ ആയിരിക്കും, അവർക്ക് കൂടുതൽ സബ്‌സിഡി കൊടുത്തു കൊണ്ട് പുതിയ വാഹനങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യെണ്ടത്.
പ്രളയകാലം കഴിഞ്ഞത് മുതൽ റീബിൽഡ് കേരള എന്ന് പറഞ്ഞുകൊണ്ട് ഓരോ വർഷവും ബജറ്റിൽ തുക വകയിരുത്തുന്നുണ്ട്. കഴിഞ്ഞ വർഷം വെറും പതിനാല് ശതമാനം മാത്രമാണ് ചിലവാക്കിയത്.
വേൾഡ്ബാങ്കിൽ നിന്നും ഇന്ധന സെസിൽ നിന്ന് കിട്ടിയ തുക പോലും ദൈനംദിന ചിലവുകൾക്കും, ശമ്പളം കൊടുക്കുന്നതിനും വേണ്ടി പദ്ധതി-ഇതര ചിലവുകൾക്ക് വേണ്ടിയാണ് ചിലവഴിച്ചത്. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് അടങ്കലിൽ നിന്ന് തുക കുറച്ച് കൊണ്ട് ബജറ്റ് കമ്മി കുറക്കുക എന്ന ഉദ്ദേശത്തോടെ ആളുകളുടെ വിമർശനം ഒഴിവാക്കാൻ ആണ് ശ്രദ്ധിച്ചിട്ടുള്ളത്. പ്രധാന പട്ടണങ്ങളിൽ ആറു സ്ഥലങ്ങളിൽ ബൈപാസ്സ് നിർമ്മിക്കാൻ ഇരുന്നൂറു കോടി രൂപ വകയിരുത്തിയിരിക്കുന്നതായി കാണുന്നു. പക്ഷെ ഒരെണ്ണത്തിന് പോലും ആ തുക തികയില്ല എന്നതാണ് യാഥാർഥ്യം.
വിദേശങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഡേറ്റ ബാങ്ക് ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാർ അതിനു പകരം അങ്ങനെയുള്ള കുട്ടികൾക്ക് വിദേശങ്ങളിലെ ഫീസിന് നമ്മുടെ കുട്ടികൾക്ക് നമ്മുടെ സംസ്ഥാനത്ത് പഠിക്കാൻ ഉള്ള അവസരമാണ് ഉണ്ടാക്കേണ്ടത്. അതിനുള്ള ശുപാർശയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്. ആഗോള സമാധാന സമ്മേളനത്തിന് രണ്ടു കോടി രൂപ വകയിരുത്തിയ ധനമന്ത്രി കേരളത്തിൽ ഉള്ള ജനങ്ങൾക്ക് മയക്കുമരുന്ന്, ഗുണ്ടാ ആക്രമങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് വേണ്ട പദ്ധതികൾ ആണ് ഉൾപ്പെടുത്തേണ്ടിയിരുന്നത്.
അംഗൻവാടി കുട്ടികളുടെ മെനുവിൽ രണ്ടു ദിവസം പാലും, രണ്ടു ദിവസം മുട്ടയും നൽകുന്ന പദ്ധതി സ്വാഗതം ചെയ്യുന്നു. ഈ പദ്ധതിക്ക് ആവശ്യമായ മുട്ടയും, പാലും ഉത്പാദിപ്പിക്കാൻ വേണ്ട ചുമതലകൾ കുടുംബശ്രീകളെ ഏൽപ്പിച്ചാൽ അനേകം സ്ത്രീകൾക്ക് തൊഴിൽ കണ്ടെത്തുവാൻ സാധിക്കുകയും ചെയ്യും. കൊവിഡ് കാലം പൂർണ്ണമായും മാറിയിട്ടില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ട്, പുതിയ വകഭേദം വന്നാൽ അതിനെ നേരിടാൻ ഉള്ള പദ്ധതികൾ കൂടി ഉൾപ്പെടുത്താമായിരുന്നു.
കഴിഞ്ഞ വർഷത്തെ പദ്ധതികളിൽ എഴുപത് ശതമാനംപോലും നടപ്പിലാക്കാൻ സാധിക്കാത്ത സർക്കാർ, പല പദ്ധതികൾക്കും ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല. നേതാക്കന്മാക്ക് സ്മാരകം നിർമ്മിക്കാൻ ഫണ്ട് കണ്ടെത്തുന്ന സർക്കാർ, സംസ്ഥാനത്തിന്റ നട്ടെല്ല് ആണ് പ്രവാസികൾ എന്ന് പ്രഖ്യാപിക്കുകയും, അവർക്ക് വേണ്ട ഒന്നും ചെയ്യാതെ ഇരിക്കുന്നത്ഭ വഞ്ചനാ പരമാണ്. ഭണഘടനാ ബാധ്യത നിറവേറ്റുന്നതിന് വേണ്ടി മാത്രം,വിശ്വാസ്യത നഷ്ടപെടുത്തിയ അധരവ്യായാമം മാത്രമായി ബജറ്റിനെ കാണുവാൻ സാധിക്കുകയുള്ളൂ എന്നും ഒഐസിസി അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam