Gulf News : ഒമിക്രോണ്‍ വ്യാപിച്ചാലും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരില്ലെന്ന് വിലയിരുത്തല്‍

By Web TeamFirst Published Dec 25, 2021, 10:31 PM IST
Highlights

ഒമിക്രോണ്‍ വ്യാപനമുണ്ടായാല്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരില്ലെന്ന് കുവൈത്തില്‍ അടുത്തിടെ ചേര്‍ന്ന സര്‍ക്കാറിന്റെ സുപ്രധാന യോഗത്തില്‍ ധാരണ.

കുവൈത്ത് സിറ്റി: കൊവിഡ് വൈറസിന്റെ (covid - 19) പുതിയ വകഭേദമായ ഒമിക്രോണ്‍ (omicron) കുവൈത്തില്‍ വ്യാപിച്ചാല്‍ പോലും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരില്ലെന്ന് വിലയിരുത്തല്‍. കൊവിഡ് പ്രതിരോധം സംബന്ധിച്ച് അടുത്തിടെ ചേര്‍ന്ന സര്‍ക്കാറിന്റെ സുപ്രധാന യോഗത്തിലാണ് ഇത്തരമൊരു വിലയിരുത്തലുണ്ടായതെന്ന് അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. രാജ്യത്തെ ഉയര്‍ന്ന വാക്സിനേഷന്‍ (vaccination) നിരക്കും, ആവശ്യത്തിന് വാക്സിനുകളുടെ ലഭ്യതയും ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ നടപ്പാക്കാനുള്ള പദ്ധതികളും പരിഗണിച്ചാണിത്.

ഒമിക്രോണ്‍ വ്യാപനമുണ്ടായാല്‍ ജോലി സ്ഥലങ്ങളില്‍ ജീവനക്കാരെ കുറയ്‍ക്കുകയും വീട്ടിലിരുന്ന് ജോലി ചെയ്യുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍  ഒരിക്കല്‍ കൂടി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റേണ്ടി വരികയോ ചെയ്‍തേക്കും. ഒപ്പം അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാതെയുള്ള പ്രവേശനം കര്‍ശനമായി തടയും. അയല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ ഒമിക്രോണ്‍ വ്യാപനത്തിന് സാധ്യതയുണ്ടെന്നും അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും എത്രയും വേഗം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുകയും വേണം. ഇത് കൊവിഡ് വൈറസിനെതിരെ 98 ശതമാനം സംരക്ഷണം നല്‍കുമെന്ന് തെളിയിക്കപ്പെട്ടതാണെന്നും അധികൃതര്‍ അറിയിച്ചു. 

click me!