ജനുവരി ഒന്നു വരെ അബുദാബിയില്‍ ടോള്‍ ഈടാക്കില്ല

By Web TeamFirst Published Oct 14, 2019, 1:55 PM IST
Highlights

ടോള്‍ അടയ്ക്കുന്നതിന് മുന്നോടിയായി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രീ പെയ്ഡ് ടോള്‍ അക്കൗണ്ട് തുറക്കുകയും ചെയ്യുന്നതുമായി  ബന്ധപ്പെട്ട  ആശങ്കകള്‍ തുടരുന്നതിനിടെയാണ് ആശ്വാസമേകുന്ന അറിയിപ്പെത്തിയത്. 

അബുദാബി: അബുദാബിയില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വങ്ങള്‍ക്ക് അറുതിയാവുന്നു. 2020 ജനുവരി ഒന്നു വരെ ടോള്‍ പിരിയ്ക്കില്ലെന്നും അതുവരെ യാത്ര സൗജന്യമായിരിക്കുമെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഒക്ടോബര്‍ 15 മുതല്‍ നാല് ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ടോള്‍ അടയ്ക്കുന്നതിന് മുന്നോടിയായി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രീ പെയ്ഡ് ടോള്‍ അക്കൗണ്ട് തുറക്കുകയും ചെയ്യണമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട  ആശങ്കകള്‍ തുടരുന്നതിനിടെയാണ് ആശ്വാസമേകുന്ന അറിയിപ്പെത്തിയത്. രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ക്കായി കൂടുതല്‍ സമയം അനുവദിക്കുന്നതിനാണ് തീയ്യതി നീട്ടിയത്.

ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴു മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ചു മുതല്‍ ഏഴുവരെയും നാല് ദിര്‍ഹമായിരിക്കും ടോള്‍. മറ്റ് സമയങ്ങളിലും പൊതു അവധി ദിനങ്ങളിലും രണ്ട് ദിര്‍ഹം ഈടാക്കും. ഒരു ദിവസത്തെ പരമാവധി തുക 16 ദിര്‍ഹമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഒരു വാഹനത്തിന് ഒരു മാസം പരമാവധി നല്‍കേണ്ട ടോള്‍  200 ദിര്‍ഹമായിരിക്കും. 

click me!