
ദുബൈ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അല്ലാത്ത എല്ലാ യാത്രക്കാരും ഇ-അറൈവൽ കാർഡ് പൂർത്തിയാക്കിയിരിക്കണമെന്ന് എമിറേറ്റ്‌സ് എയർലൈൻസ്. 2025 ഒക്ടോബർ 1 മുതലാണ് ഈ നിബന്ധന പ്രാബല്യത്തില്‍ വന്നത്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുതൽ 24 മണിക്കൂർ മുമ്പ് വരെ ഇന്ത്യയുടെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ് വഴി യാത്രക്കാർക്ക് ഈ ഡിജിറ്റൽ ഇമിഗ്രേഷൻ ഫോം സമർപ്പിക്കാവുന്നതാണ്. ഈ സേവനം പൂർണ്ണമായും സൗജന്യമാണ്.
ഇ-അറൈവൽ കാർഡ് പൂരിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഇന്ത്യയിൽ ഇമിഗ്രേഷൻ നടപടികൾക്കായി കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്നും തുടർ യാത്രകൾക്ക് കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എമിറേറ്റ്‌സ് ചൊവ്വാഴ്ച പുറത്തിറക്കിയ ട്രാവൽ അഡ്വൈസറിയിൽ പറയുന്നു.
തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കാൻ, വിമാനവുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും ഇമിഗ്രേഷൻ നടപടികളും കൃത്യസമയത്ത് ലഭിക്കുന്നതിനായി യാത്രക്കാർ അവരുടെ വിമാന ടിക്കറ്റ് ബുക്കിങ് കൈകാര്യം ചെയ്യുന്ന മാനേജ് യുവർ ബുക്കിങ്(Manage Your Booking) പോർട്ടൽ വഴി ബന്ധപ്പെടാനുള്ള വിവരങ്ങൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ അപ്‌ഡേറ്റ് ചെയ്യുകയും വേണമെന്ന് എയർലൈൻ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇ-അറൈവൽ കാർഡ് ?
പേപ്പർ ഡിസെംബാർക്കേഷൻ ഫോമുകൾക്ക് (Paper Disembarkation Forms) പകരമായി സുരക്ഷിതമായ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആണ് ഇ-അറൈവൽ കാർഡ്.
എങ്ങനെ അപേക്ഷിക്കാം?
എല്ലാ വിദേശ പൗരന്മാരും യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിൽ ഇ-അറൈവൽ കാർഡ് സമർപ്പിക്കേണ്ടതാണ്. വ്യക്തിഗത, യാത്രാ വിവരങ്ങൾ ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ ഈ ഫോം ശേഖരിക്കും.
ആവശ്യമായ പ്രധാന വിവരങ്ങൾ
പാസ്‌പോർട്ട് നമ്പറും ദേശീയതയും
വിമാനത്തിന്റെ നമ്പർ
സന്ദർശനത്തിൻ്റെ ഉദ്ദേശ്യം (വിനോദസഞ്ചാരം, ബിസിനസ്, പഠനം, അല്ലെങ്കിൽ ചികിത്സ)
ഇന്ത്യയിൽ താമസിക്കുന്ന ദിവസങ്ങളുടെ എണ്ണം
ഇന്ത്യയിലെ താമസസ്ഥലത്തെ വിലാസം
ബന്ധപ്പെടാനുള്ള വിവരങ്ങൾ
കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ സന്ദർശിച്ച രാജ്യങ്ങൾ
വിവരങ്ങൾ സമർപ്പിച്ച ശേഷം യാത്രക്കാർക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. ഇത് ഡിജിറ്റലായോ അല്ലെങ്കിൽ പ്രിന്‍റ് എടുത്തോ സൂക്ഷിക്കാവുന്നതാണ്. ഇമിഗ്രേഷൻ കൗണ്ടറിൽ ഇത് കാണിക്കുന്നതോടെ പേപ്പർ ഫോമുകൾ പൂരിപ്പിക്കേണ്ട ആവശ്യം ഒഴിവാകും. ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾക്കും ഇ-അറൈവൽ കാർഡ് നിർബന്ധമില്ല. ഇവർക്ക് 2024 ജൂണിൽ ആരംഭിച്ച ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ–ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (എഫ്‌ടിഐ-ടിടിപി) തുടർന്നും ഉപയോഗിക്കാവുന്നതാണ്.
ഇ-അറൈവൽ കാർഡ് ഓൺലൈനായി താഴെ പറയുന്നവ വഴി പൂർത്തിയാക്കാം
ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ്: boi.gov.in
ഇന്ത്യൻ വിസ വെബ്സൈറ്റ്: indianvisaonline.gov.in
സു-സ്വാഗതം മൊബൈൽ ആപ്പ്
യാതൊരുവിധ രേഖകളും അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല. സമർപ്പിച്ചു കഴിഞ്ഞാൽ ഒരു സ്ഥിരീകരണ ഇമെയിൽ ലഭിക്കും. ഇമിഗ്രേഷൻ നടപടികൾക്കായി ഡിജിറ്റൽ കോപ്പി മതിയാകും, എങ്കിലും സൗകര്യത്തിനായി പ്രിൻ്റ് എടുത്ത കോപ്പി കയ്യിൽ കരുതുന്നത് നല്ലതാണ്.
യാത്രക്കാർക്കുള്ള പ്രയോജനങ്ങൾ
ഇ-അറൈവൽ കാർഡ് ഇന്ത്യയിലെ ഇമിഗ്രേഷൻ നടപടികൾ ലളിതമാക്കുകയും കസ്റ്റംസ് ക്ലിയറൻസ് വേഗത്തിലാക്കുകയും ചെയ്യുന്നു:
വിനോദസഞ്ചാരികൾക്ക്: താജ്മഹൽ, ജയ്പൂർ കൊട്ടാരങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കാണാൻ കൂടുതൽ സമയം ലഭിക്കുന്നു.
ബിസിനസ് യാത്രക്കാർക്ക്: മീറ്റിംഗുകൾ, കോൺഫറൻസുകൾ, കോർപ്പറേറ്റ് ഇവന്റുകൾ എന്നിവയ്ക്കായി വേഗത്തിൽ എത്താൻ സാധിക്കുന്നു.
വിദ്യാർത്ഥികൾക്ക്: വിമാനത്താവളത്തിലെത്തുന്ന അനുഭവം കൂടുതൽ സമ്മർദ്ദരഹിതമാകും.
വിസയുടെ ആവശ്യകത
ഇ-അറൈവൽ കാർഡ് വിസയ്ക്ക് പകരമല്ല. ടൂറിസം, ബിസിനസ്, അല്ലെങ്കിൽ പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് സാധുവായ വിസ ഇപ്പോഴും ആവശ്യമാണ്. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലും കൂടുതൽ സുരക്ഷിതമായും പൂർത്തിയാക്കാൻ അധികൃതർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുക മാത്രമാണ് ഈ കാർഡ് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ