അലാസ്കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു

By Web TeamFirst Published Jan 24, 2019, 2:13 PM IST
Highlights

4300 പേര്‍ മാത്രമാണ് അലാസ്കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്. മൈനസ് 13 ഡിഗ്രി സെല്‍ഷ്യസായിരുന്നു സൂര്യോദയ സമയത്തെ താപനില. 1.04ന് ഉദിച്ച സൂര്യന്‍ 2.14ന് അസ്തമിച്ചു. 

അലാസ്ക: അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു. നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന്‍ അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് സൂര്യന്‍ ഉദിച്ചത്.

4300 പേര്‍ മാത്രമാണ് അലാസ്കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്. മൈനസ് 13 ഡിഗ്രി സെല്‍ഷ്യസായിരുന്നു സൂര്യോദയ സമയത്തെ താപനില. 1.04ന് ഉദിച്ച സൂര്യന്‍ 2.14ന് അസ്തമിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ പകലിന് ദൈര്‍ഘ്യം കൂടിക്കൂടി വരും. ഫെബ്രുവരിയോടെ ദിവസവും ശരാശരി നാല് മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കും. പകലിന്റെ ദൈര്‍ഘ്യം കൂടുന്ന പ്രവണത മേയ് 12 വരെ തുടരും. പിന്നീട് ഉദിച്ചുനില്‍ക്കുന്ന സൂര്യന്‍ ഓഗസ്റ്റ് രണ്ട് വരെ അസ്തമിക്കാതെ നില്‍ക്കും.

ഈയാഴ്ച ഇടയ്ക്കിടയ്ക്ക് സൂര്യപ്രകാശം കാണാനാവുമെങ്കിലും ശരാശരി താപനില മൈനസ് 10ന് താഴെ തന്നെയായിരിക്കും. സൂര്യന്‍ അസ്തമിക്കാത്ത മാസങ്ങളില്‍ പോലും താപനില 47 ഡിഗ്രിയില്‍ കൂടാറുമില്ല. 

click me!