
അബുദാബി: യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. രണ്ടര വര്‍ഷം മുമ്പ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കപ്പെട്ടതു മുതല്‍ ഇപ്പോള്‍ വരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ കണക്കാണിത്. രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേര്‍ക്ക് കഴിഞ്ഞ 30 മാസത്തിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഒന്നിലധികം തവണ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ നിരക്ക് ഇതിലും കുറയും.
ലോകത്തു തന്നെ സമാന ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയിലെ കൊവിഡ് വ്യാപന നിരക്ക് വളരെ കുറവാണെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച 919 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10,00,556 ആയി. ഇവരില്‍ 9,79,362 പേരും ഇതിനോടകം തന്നെ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 859 കൊവിഡ് രോഗികള്‍ യുഎഇയില്‍ രോഗമുക്തരായി. 97.88 ശതമാനമാണ് രോഗമുക്തി നിരക്ക്.
ആകെ 2337 പേര്‍ക്ക് യുഎഇയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. കൊവിഡ് പ്രതിരോധത്തിനായി രാജ്യം സ്വീകരിച്ച പഴുതടച്ച സംവിധാനങ്ങളുടെ ഫലപ്രാപ്തി കാരണമാണ് രോഗികളുടെ എണ്ണം 10 ലക്ഷത്തിലേക്ക് എത്തിയ കാലയളവ് ഇത്രയും ദീര്‍ഘിപ്പിക്കാന്‍ സാധിച്ചതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊവിഡ് ചികിത്സയ്ക്ക് രാജ്യത്ത് ആരില്‍ നിന്നും പണം ഈടാക്കിയില്ല. വാക്സിനും ബൂസ്റ്റര്‍ ഡോസുകളും സൗജന്യമായി നല്‍കിവരുന്നു. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വാക്സിനേഷന്‍ നിരക്ക് യുഎഇയില്‍ വളരെ ഉയരത്തിലാണെന്നും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
0.2 ശതമാനമാണ് യുഎഇയിലെ കൊവിഡ് മരണ നിരക്ക്. ഇതും ആഗോള അടിസ്ഥാനത്തിലെ കുറഞ്ഞ മരണനിരക്കുകളിലൊന്നാണ്. രോഗപ്രതിരോധത്തില്‍ വിജയം കണ്ടതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ എല്ലാ മേഖലകളിലും രാജ്യം ഇപ്പേള്‍ സാധാരണ നിലയിലാണ്.
Read also: യുഎഇയില്‍ 919 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ