യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ഡോക്ടര്‍മാര്‍

By Web TeamFirst Published Aug 20, 2020, 7:54 PM IST
Highlights

ഞായറാഴ്ച 210ഉം തിങ്കളാഴ്ച 229ഉം പുതിയ രോഗികളാണുണ്ടായിരുന്നതെങ്കില്‍ ചൊവ്വാഴ്ച ഇത് 365 ആയി ഉയര്‍ന്നു. ബുധനാഴ്ച 435 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. 

അബുദാബി: യുഎഇയില്‍ പടിപടിയായി കുറഞ്ഞുവന്നിരുന്ന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്നു. വ്യാഴാഴ്ച പുതിയതായി 461 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 131 പേര്‍ക്കാണ് രോഗം ഭേദമായത്. അതേസമയം രണ്ട് കൊവിഡ് മരണങ്ങളും ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ നാല് ദിവസമായി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. കണക്കുകളില്‍ പ്രതിദിനമുണ്ടാകുന്ന വര്‍ദ്ധനവ് ആശങ്കയുളവാക്കുന്നതാണെന്ന് ചൊവ്വാഴ്ച യുഎഇ സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഞായറാഴ്ച 210ഉം തിങ്കളാഴ്ച 229ഉം പുതിയ രോഗികളാണുണ്ടായിരുന്നതെങ്കില്‍ ചൊവ്വാഴ്ച ഇത് 365 ആയി ഉയര്‍ന്നു. ബുധനാഴ്ച 435 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. രോഗപ്രതിരോധത്തിനായുള്ള മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന മുന്നറിയിപ്പാണ് ഡോക്ടര്‍മാരും നല്‍കുന്നത്.

ഇതുവരെ 65,802 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരില്‍ 58,153 പേര്‍ രോഗമുക്തരായി. 369 മരണങ്ങളും സംഭവിച്ചു. നിലവില്‍ 7,280 രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,000ല്‍ പുതിയ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 62 ലക്ഷത്തോളം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

click me!