ഇന്ന് മരിച്ചത് രണ്ട് പേര്‍; ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ എണ്ണം 255 ആയി

By Web TeamFirst Published Jun 22, 2020, 5:42 PM IST
Highlights

ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 255 ആയി. ആകെ മരണം 2185. കൊവിഡ് ബാധിതരുടെ എണ്ണം 3,80,358കടന്നു. 

ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍കൂടി മരിച്ചു. മരിച്ച മലയാളികളുടെ എണ്ണം 255ആയി. അതേസമയം താമസ വിസയുള്ളവര്‍ക്ക് ദുബായിലേക്ക് ഇന്നു മുതല്‍ മടങ്ങിയെത്താമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു.

തൃശ്ശൂര്‍ വലപ്പാട് സ്വദേശി അദീബ് അഹമ്മദ് ഒമാനിലും, എറാണാകുളം കോതമംഗലം സ്വദേശിനി ബിജി ജോസ് ദമാമിലുമാണ് മരിച്ചത്. 25 വര്‍ഷമായി അല്‍ ഹസ്സയില്‍ നഴ്‍സായി പ്രവര്‍ത്തിക്കുകയായിരുന്നു ബിജി. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 255 ആയി. ആകെ മരണം 2185. കൊവിഡ് ബാധിതരുടെ എണ്ണം 3,80,358കടന്നു. 

അതേസമയം താമസ വിസയുള്ളവര്‍ക്ക് ദുബായിലേക്ക് ഇന്നു മുതല്‍ മടങ്ങിയെത്താമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. താമസ, സന്ദര്‍ശക വിസക്കാര്‍, പൗരന്‍മാര്‍ എന്നിവര്‍ക്ക് എമിറേറ്റിനകത്തേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് ദുബായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പൗരന്‍മാര്‍ക്കും താമസ വിസക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലേക്ക് നാളെ മുതല്‍ യാത്ര ചെയ്യാം. മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ അതാത് രാജ്യങ്ങള്‍ നിഷ്കര്‍ഷിക്കുന്ന കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. 

അടുത്തമാസം ഏഴു മുതല്‍ സന്ദര്‍ശക വിസക്കാര്‍ക്ക് ദുബായിലേക്കെത്താമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റഡിസന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ്, എയര്‍ലൈന്‍സ് എന്നിവയുടെ അനുമതി ലഭിക്കുന്നത് അനുസരിച്ച് ദുബായ് താമസ വിസയുള്ളവര്‍ക്ക് മടങ്ങിയെത്താം.

click me!