എംബസികളിലെ വെൽഫെയർ ഫണ്ട് ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് വിനിയോഗിക്കണം - ഒഐസിസി

By Web TeamFirst Published Apr 26, 2020, 10:48 PM IST
Highlights

പ്രവാസികളില്‍ നിന്ന് ഈടാക്കി  എംബസികളിൽ പ്രത്യേക ഫണ്ടായി  സൂക്ഷിച്ചിട്ടുള്ള തുക പ്രവാസികളായ ഇന്ത്യക്കാരുടെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഉപയോഗിക്കണമെന്ന് ഒ.ഐ.സി.സി

മനാമ: വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്ന പേരിൽ 2009 മുതൽ മുൻ കേന്ദ്ര സര്‍ക്കാറിന്റെ നിർദേശാനുസരണം പ്രവാസികളുടെ ഇടയിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി ഈടാക്കി  എംബസികളിൽ പ്രത്യേക ഫണ്ടായി  സൂക്ഷിച്ചിട്ടുള്ള തുക പ്രവാസികളായ ഇന്ത്യക്കാരുടെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഉപയോഗിക്കണമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു വി. കെ ശ്രീകണ്‍ഠൻ എം.പി മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രിക്കും പ്രധാനമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചു. 

കൊവിഡ്  മഹാമാരി മൂലം ലോകം മുഴുവൻ കഷ്ടപ്പെടുന്ന ഈ അവസരത്തിൽ പ്രവാസികളായ അനേകം ആളുകൾക്ക് ജോലി നഷ്ടപ്പെടുകയും ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് മരുന്നും മറ്റ് അടിയന്തിര ആവശ്യങ്ങൾക്കും ഈ ഫണ്ട് ഉപയോഗിക്കാവുന്നതാണ്. ഇത് സംബന്ധിച്ചു കേന്ദ്ര ഗവണ്മെന്റ് പ്രത്യേക ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന് ഒ.ഐ.സി.സി ആവശ്യപ്പെട്ടു.

പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ എം.കെ രാഘവൻ എം.പി മുഖേനെ പ്രധാനമന്ത്രിക്കും സമർപ്പിച്ചു. നാട്ടിലേക്ക് പോകാൻ വളരെ മുൻപ് തന്നെ ടിക്കറ്റ് എടുത്തിട്ട് വിമാനം റദ്ദ് ചെയ്തതുമൂലം യാത്ര മുടങ്ങിയവര്‍ക്ക് മുഴുവൻ തുകയും തിരിച്ചു നൽകണം.  കമ്യൂണിറ്റി സ്കൂളിൽ പഠിക്കുന്ന,  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഫീസ് പൂർണമായും ഒഴിവാക്കി കൊടുക്കണം, കഴിഞ്ഞ വർഷം ഫീസ് കുടിശിക വരുത്തിയ കുട്ടികളെ പ്രമോഷൻ നൽകി  തുടർന്ന്  പഠിക്കാൻ  അവസരം ഉണ്ടാക്കികൊടുക്കണം. 

ഓൺലൈൻ പഠനത്തിന് വേണ്ടി വളരെ വലിയ തുകയാണ് ഓരോ രക്ഷകർത്താക്കളും മുടക്കേണ്ടിവരുന്നത്. അതോടൊപ്പം സ്കൂൾ ഫീസും അടക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട്. ഈ കാര്യത്തിൽ കമ്മ്യൂണിറ്റി സ്കൂളുകൾക്ക് വേണ്ട സഹായം എംബസികളുടെയും,  കേന്ദ്ര ഗവണ്മെന്റിന്റെയും ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം,  ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം,  ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ എം.പി മാരുടെ ശ്രദ്ധയിൽപെടുത്തി. 

click me!