
അബുദാബി: കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ പഴയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്‍. ബ്രിട്ടീഷ് സൈനിക യൂണിഫോം ധരിച്ച് നിലത്തിരിക്കുന്ന ശൈഖ് മുഹമ്മദിനൊപ്പമുള്ളത് ഇപ്പോള്‍ മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരിയാണ്. മലേഷ്യയിലെ രാജാവ് സുല്‍ത്താന്‍ അബ്‍ദുല്ല അഹ്‍മദ് ഷായാണ് ചിത്രത്തിലെ രണ്ടാമന്‍.
യു.കെയിലെ സാന്‍ഡസ്റ്റ് റോയല്‍ മിലിട്ടറി അക്കാദമിയിലെ 1979 ബാച്ച് വിദ്യാര്‍ത്ഥികളായ ഇരുവരും ഒരുമിച്ച് പഠന കാലത്ത് പകര്‍ത്തിയ ചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വീണ്ടും ഉയര്‍ന്നുവന്നത്. നേരത്തെ 2019ല്‍ മലേഷ്യയുടെ പതിനാറാമത് ഭരണാധികാരിയായി സുല്‍ത്താന്‍ അബ്‍ദുല്ല അഹ്‍മദ് ഷാ ഭരണമേറ്റെടുത്തപ്പോഴും ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അന്ന് ശൈഖ് മുഹമ്മദാവാട്ടെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായിരുന്നു.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നിരവധി രാജകുടുംബാംഗങ്ങള്‍ പരിശീലനം നേടിയിട്ടുള്ള സ്ഥാപനമാണ് പ്രശസ്‍തമായ സാന്‍ഡസ്റ്റ് റോയല്‍ മിലിട്ടറി അക്കാദമി. ശൈഖ് മുഹമ്മദിനും മലേഷ്യന്‍ രാജാവിനും പുറമെ മിഡില്‍ ഈസ്റ്റില്‍ നിന്നുതന്നെ ജോര്‍ദാന്‍ ഭരണാധികാരി അബ്‍ദുല്ല രാജാവ്, ബഹ്റൈന്‍ ഭരണാധികാരി ഹമദ് രാജാവ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം, ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് എന്നിവരൊക്കെ ഇവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരാണ്.
1979ല്‍ 18 വയസുകാരനായിരുന്ന ശൈഖ് മുഹമ്മദിനൊപ്പം അന്ന് സുല്‍ത്താന്‍ അബ്‍ദുല്ല അഹ്‍മദ് ഷായും സാന്‍ഡസ്റ്റ് റോയല്‍ മിലിട്ടറി അക്കാദമിയിലുണ്ടായിരുന്നു. പരിശീലനത്തിന് ശേഷം സ്വന്തം രാജ്യങ്ങളിലെ വിവിധ പദവികളില്‍ തുടരുന്നതിനിടെയാണ് ഇരുവരും ഭരണാധികാരികളായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ക്വലാലംപൂരില്‍ നടന്ന മലേഷ്യന്‍ രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ശൈഖ് മുഹമ്മദ് പങ്കെടുത്തിരുന്നു.
2004ലാണ് ശൈഖ് മുഹമ്മദ് അബുദാബി കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായി. കഴിഞ്ഞ വെള്ളിയാഴ്‍ച യുഎഇ ഭരണാധികാരി ശൈഖ് ഖലീഫ അന്തരിച്ചതിന് പിന്നാലെ യുഎഇ ഫെഡറല്‍ നാഷണല്‍ കൗൺസിൽ ശൈഖ് മുഹമ്മദിനെ യുഎഇ പ്രസിഡന്റായും തെരഞ്ഞെടുത്തു.
പഠനകാലം മുതല്‍ സൗഹൃദം നിലനില്‍ത്തിയിരുന്നു ശൈഖ് മുഹമ്മദും സുല്‍ത്താന്‍ അബ്‍ദുല്ല അഹ്‍മദ് ഷായും. 2020 ഡിസംബറില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി സുല്‍ത്താന്‍ അബ്‍ദുല്ല യുഎഇയിലെത്തിയപ്പോള്‍ ഇരുവരും സൗഹൃദം പുതുക്കുകയും ചെയ്‍തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ