പ്രവാസികൾക്ക് ആശ്വാസം; വിസാ നിയമത്തിൽ ഇളവ് വരുത്തി ഒമാന്‍

By Web TeamFirst Published Jul 23, 2020, 9:54 AM IST
Highlights

നിലവിൽ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്ത് നിന്നാൽ  ഒമാനിലേക്ക് പ്രവേശിക്കാനുള്ള വിസയുടെ സാധുത ഇല്ലാതാകുമായിരുന്നു. പുതിയ പ്രഖ്യാപനം അനുസരിച്ച് 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തങ്ങിയ, സ്ഥിര താമസ  വിസയുള്ളവർക്ക് മടങ്ങി വരാനാവും. 

മസ്‍കത്ത്: ഒമാനിൽ സ്ഥിരതാമസ വിസയുള്ള വിദേശികൾക്ക് 180 ദിവസങ്ങൾ കഴിഞ്ഞും രാജ്യത്തിനു പുറത്ത് നിന്നാലും ഒമാനിലേക്ക് തിരികെ വരാമെന്ന് പാസ്‍പോർട്ട് ആന്റ് റസിഡൻസ് ഡയറക്ടറേറ്റ്‌ ജനറൽ ഉപഡയറക്ടർ മേജർ മുഹമ്മദ് ബിൻ റാഷിദ് അൽ ഹസ്‍ബി അറിയിച്ചു. ഒമാൻ ദേശിയ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിലവിൽ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്ത് നിന്നാൽ  ഒമാനിലേക്ക് പ്രവേശിക്കാനുള്ള വിസയുടെ സാധുത ഇല്ലാതാകുമായിരുന്നു. പുതിയ പ്രഖ്യാപനം അനുസരിച്ച് 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തങ്ങിയ, സ്ഥിര താമസ  വിസയുള്ളവർക്ക് മടങ്ങി വരാനാവും. കൊവിഡ് വ്യാപനത്തിന്‌ തൊട്ടുമുമ്പ് അവധിക്ക് നാട്ടിൽ പോയ മലയാളികളടക്കമുള്ളവർക്ക് ആശ്വാസം നൽകുന്ന തീരുമാനമാണിത്.

ഇതിന് പുറമെ നിലവിൽ രാജ്യത്തിന് പുറത്തുള്ള വിദേശികൾക്കും റസിഡന്റ് കാർഡ് പുതുക്കാൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസ്  പബ്ലിക് റിലേഷൻ ഓഫീസർ  മേജർ മുഹമ്മദ് അൽ ഹാഷിമിയും അറിയിച്ചു. റസിഡന്റ് കാർഡ് സ്‍പോൺസറോ സ്ഥാപനമോ ഇലക്ട്രോണിക്‌ രീതിയിൽ പുതുക്കുകയും അതിന്റെ  അറിയിപ്പ് ജീവനക്കാരന് അയച്ച് കൊടുക്കുകയും വേണം. ചില റസിഡന്റ് വിസകള്‍ പുതുക്കാനുള്ള കാലാവധി മൂന്ന് മാസത്തിന് പകരം ആറ് മാസമാക്കിയും ദീർഘിപ്പിച്ചിട്ടുണ്ട്. വിസാ കാലാവധി കഴിഞ്ഞവർ സ്പോൺസർ മുഖേന വിസ പുതുക്കാൻ ഡയറക്ടറേറ്റ്‌ ജനറലിനെ സമീപിക്കണം.

നിലവിൽ വിദേശത്തുള്ള, വിസാ കാലാവധി കഴിഞ്ഞവരും ഓൺ‍ലൈൻ മുഖേന വിസ പുതുക്കണം. വിമാനത്താവളം തുറക്കുന്നതനുസരിച്ചു  ഒമാനിലേക്ക് തിരിച്ചു വരാൻ സാധിക്കും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒമാനിൽ തിരച്ചെത്തുന്നവരെ സഹായിക്കാനാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

click me!