ഒമാനിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കൾക്ക് ഉടൻ സേവനം പുനഃസ്ഥാപിക്കാന്‍ നിർദ്ദേശം

By Web TeamFirst Published Jul 31, 2021, 12:15 AM IST
Highlights

ബില്ലുകൾ അടക്കാത്തവരുടെ വൈദ്യുതി വിതരണം വിച്ഛേദിക്കരുതെന്ന നിർദ്ദേശമാണ് വൈദ്യുതി വിതരണ സ്ഥാപനങ്ങൾക്ക് അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എ.പി.എസ്.ആര്‍) നൽകിയിരിക്കുന്നത്. 

മസ്‍കത്ത്: ഒമാനിൽ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കൾക്ക്  ഉടൻ സേവനം പുനഃസ്ഥാപിച്ചു നൽകുവാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എ.പി.എസ്.ആര്‍) നിർദ്ദേശം നൽകി. വൈദ്യുതി ബില്ലുകളിൽ ക്രമാതീതമായ വർദ്ധനവ് പെട്ടന്നുണ്ടായത് ചൂണ്ടിക്കാട്ടി ധാരാളം ഉപഭോക്താക്കൾ പരാതികൾ ഉയർത്തിയിരുന്നു. ഇതുമൂലം പണമടക്കുവാൻ വൈകുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. 

ബില്ലുകൾ അടക്കാത്തവരുടെ വൈദ്യുതി വിതരണം വിച്ഛേദിക്കരുതെന്ന നിർദ്ദേശമാണ് വൈദ്യുതി വിതരണ സ്ഥാപനങ്ങൾക്ക് അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എ.പി.എസ്.ആര്‍) നൽകിയിരിക്കുന്നത്. കുടിശ്ശിക ബില്ലുകൾ  അടയ്ക്കാത്തതിനാൽ  വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കൾക്ക്  സേവനം ഉടൻ പുനഃസ്ഥാപിച്ചു നൽകാനും  സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതി  ബില്ലുകളിൽ പരാതിയുള്ളവർ  ലൈസൻസുള്ള വൈദ്യുതി കമ്പനികളിലൂടെയോ അവരുടെ അനുബന്ധ കോൾ സെന്ററുകളിലൂടെയോ അതോടൊപ്പം ഹാസൽ പ്ലാറ്റ്ഫോമിലൂടെയോ  തങ്ങളുടെ പരാതികൾ നേരിട്ട് സമർപ്പിക്കാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എ.പി.എസ്.ആര്‍)  ഉപഭോക്താക്കളോട്  ആവശ്യപ്പെട്ടിട്ടുണ്ടെന്നും  ഒമാൻ ന്യൂസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

click me!