39 സര്‍വകലാശാലകളെ ഒമാന്‍ കരിമ്പട്ടികയില്‍ പെടുത്തി

By Web TeamFirst Published Jun 11, 2019, 11:18 AM IST
Highlights

പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ 'ഓണ്‍ലൈനില്‍ മാത്രം' നിലനില്‍ക്കുന്നതാണെന്നും ഇവിടങ്ങളില്‍ പണം നല്‍കി അംഗീകാരമില്ലാത്ത ബിരുദങ്ങള്‍ നേടി വഞ്ചിതരാവരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട 26 സര്‍വകലാശാലകളും അമേരിക്കയിലുള്ളവയാണ്. 

മസ്കത്ത്: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 39 സര്‍വകലാശാലകളെ ഒമാന്‍ കരിമ്പട്ടികയില്‍ പെടുത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പരിശോധനയില്‍ ഇവ വ്യാജ സര്‍വകലാശാലകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ സ്ഥാപനങ്ങളില്‍ പഠനത്തിന് അപേക്ഷിച്ച് അബദ്ധത്തില്‍ ചാടാതിരിക്കാനുള്ള മുന്നറിയിപ്പായാണ് നടപടി.

പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ 'ഓണ്‍ലൈനില്‍ മാത്രം' നിലനില്‍ക്കുന്നതാണെന്നും ഇവിടങ്ങളില്‍ പണം നല്‍കി അംഗീകാരമില്ലാത്ത ബിരുദങ്ങള്‍ നേടി വഞ്ചിതരാവരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട 26 സര്‍വകലാശാലകളും അമേരിക്കയിലുള്ളവയാണ്. ഇന്ത്യയില്‍ നിന്നുള്ള ഏഴ് സ്ഥാപനങ്ങളെയും വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വ്യാജ ബിരുദങ്ങള്‍ നേടിയ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയാല്‍ അക്കാര്യം പ്രോസിക്യൂഷനെയും സിവില്‍ സര്‍വീസ്, മാന്‍പവര്‍ മന്ത്രാലയങ്ങളെയും അറിയിക്കും. തുടര്‍ന്ന് വ്യാജ ബിരുദമുള്ള ആള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെയും വിവരമറിയിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അംഗീകൃത വിദേശ സര്‍വകലാശാലകളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

click me!