
മസ്‌കറ്റ്: ബലിപെരുന്നാളിനെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഒമാൻ. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് വടക്കൻ അൽ ബത്തിന ഗവർണറേറ്റിലെ സോഹാർ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ ഈദ് അൽ അദ്ഹാ നമസ്‌കാരം നിർവഹിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രാർത്ഥനയിൽ രാജകുടുംബാംഗങ്ങൾ, അൽ ബുസൈദ് കുടുംബത്തിലെ പ്രമുഖർ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സുൽത്താന്റെ സായുധസേനാ മേധാവികൾ, സൈനിക-സുരക്ഷാ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, സ്റ്റേറ്റ് കൗൺസിൽ-ഷൂറ കൗൺസിൽ അംഗങ്ങൾ, വാലിമാർ , വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ ഷെയ്ഖുമാർ, പൗരന്മാർ എന്നിവർ പങ്കെടുക്കും.
പുണ്യ ദിനമായ ബലിപെരുന്നാൾ ലോക മുസ്ലിം സമൂഹത്തിന് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരട്ടെയെന്നും, രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും അനുഗ്രഹവും ലഭിക്കട്ടെയെന്നും ദിവാൻ ഓഫ് റോയൽ കോർട്ട് ആശംസ അറിയിച്ചു. സുൽത്താന്‍റെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥനകൾ നേർന്നുകൊണ്ട്, ഒമാനും ലോക മുസ്ലിം സമൂഹവും സമൃദ്ധിയുടെയും സമാധാനത്തിന്റെയും വഴിയിൽ മുന്നേറട്ടെയെന്നും പ്രസ്താവനയിൽ പറയുന്നു.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് പ്രഖ്യാപിച്ചിരുന്നു. വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടെ ആകെ 382 തടവുകാരെയാണ് സുൽത്താന്‍റെ പ്രത്യേക ഉത്തരവ് പ്രകാരം മോചിപ്പിക്കുന്നത്. റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്‍റെ പരമോന്നത സേനാധിപനായ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ കരുണാപൂർണമായ തീരുമാനമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യങ്ങൾ പരിഗണിച്ചാണ് പ്രത്യേക മാപ്പ് അനുവദിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സുൽത്താന്‍റെ ഈ മാനുഷിക ഇടപെടൽ തടവുകാരുടെ കുടുംബങ്ങൾക്ക് വലിയ ആശ്വാസവും സന്തോഷവും പകരുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam