ഒമാനില്‍ റമദാന്‍ മാസത്തില്‍ കര്‍ശന നിയന്ത്രണം; മസ്‍കത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി

By Web TeamFirst Published Apr 20, 2020, 10:30 PM IST
Highlights

ഏപ്രിൽ പത്ത് മുതൽ 12 ദിവസത്തേക്കാണ് മസ്‍കത്ത് ഗവര്‍ണറേറ്റിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് സുപ്രീം കമ്മിറ്റിയുടെ പുതിയ പ്രഖ്യാപനം. 

മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ മെയ് എട്ട് വരെ നീട്ടിയതായി ഒമാൻ സുപ്രിം കമ്മിറ്റി അറിയിച്ചു. റമദാന്‍ കാലയളവില്‍ രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളും അടച്ചിടണമെന്നും നിർദ്ദേശം നല്‍കി. സമൂഹ നോമ്പ് തുറകൾക്കും കർശന വിലക്കുണ്ട്. ഒമാനിൽ ഇതിനോടകം 1410 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

ഏപ്രിൽ പത്ത് മുതൽ 12 ദിവസത്തേക്കാണ് മസ്‍കത്ത് ഗവര്‍ണറേറ്റിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് സുപ്രീം കമ്മിറ്റിയുടെ പുതിയ പ്രഖ്യാപനം. മേയ് എട്ട് വെള്ളിയാഴ്ച വരെ ലോക്ക്ഡൗണ്‍ നീട്ടിവെയ്ക്കാന്‍ ഒമാന്‍ സായുധ സേനയ്ക്കും റോയല്‍ ഒമാന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

റമദാന്‍ മാസത്തിലും രാജ്യത്തെ എല്ലാ പള്ളികളും അടച്ചിടണമെന്നാണ് നിര്‍ദേശം. പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ മാത്രമാണ് അനുവാദം. തറാവീഹ് നമസ്കാരത്തിനോ ഇഫ്താര്‍ സംഗമങ്ങള്‍ക്കായോ പള്ളികളിലോ മറ്റ് പൊതുവേദികളിലോ ആളുകള്‍ ഒരുമിച്ച് കൂടുന്നതിന് കര്‍ശന വിലക്കാണ് സുപ്രീം കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക, സാംസ്കാരിക, കലാ പരിപാടികളടക്കം എല്ലാ ഒത്തുചേരലുകള്‍ക്കും വിലക്കുണ്ട്. ദോഫാർ നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സലാല ഖരീഫ് മേളയും റദ്ദാക്കിയിട്ടുണ്ട്. ഏഴ് ലക്ഷത്തിലധികം സന്ദര്‍ശകര്‍ എല്ലാ വര്‍ഷവും സലാലയില്‍ എത്തിയിരുന്ന മേളയായിരുന്നു സലാല ഖരീഫ്. 

അതേസമയം ഒമാനിൽ ഇന്ന് 144 പേർക്ക് കൂടി കൊവിഡ്  19 സ്ഥിരീകരിച്ചു. ഇതിൽ 86 പേർ വിദേശികളും 58 പേർ ഒമാൻ സ്വദേശികളുമാണ്. ഇതുവരെ 238  പേരാണ് രാജ്യത്ത് കൊവിഡ് രോഗമുക്തരായത്.

click me!