ഒമാനില്‍ മൂല്യവര്‍ദ്ധിത നികുതി വരുന്നു; അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് മന്ത്രി

By Web TeamFirst Published Jan 22, 2020, 11:51 AM IST
Highlights

അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് രൂപം കൊടുത്ത വിദേശ നയം തന്നെ ഒമാന്‍ ഇനിയുള്ള കാലവും പിന്തുടരുമെന്നും അതില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറ്റമെടുത്ത ഉടന്‍ തന്നെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

മസ്കത്ത്: ഒമാനില്‍ മൂല്യവര്‍ദ്ധിത നികുതി നടപ്പാക്കുന്ന കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് വാണിജ്യ-വ്യവസായകാര്യ മന്ത്രി അലി ബിന്‍ മസൂദ് അല്‍ സുനൈദി പറഞ്ഞു. 2021ന്റെ തുടക്കം മുതല്‍ നികുതി നടപ്പാക്കുമെന്ന് അറിയിച്ച അദ്ദേഹം ഇത് ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു തീരുമാനമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് രൂപം കൊടുത്ത വിദേശ നയം തന്നെ ഒമാന്‍ ഇനിയുള്ള കാലവും പിന്തുടരുമെന്നും അതില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറ്റമെടുത്ത ഉടന്‍ തന്നെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയെക്കൂടി പങ്കാളികളാക്കിക്കൊണ്ട് രാജ്യത്തെ സാമ്പത്തിക രംഗം വികസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 

സാമ്പത്തിക രംഗത്തെ വൈവിദ്ധ്യവത്കരണം ലക്ഷ്യമിട്ട് ടൂറിസം, ഫിഷറീസ്, ലോജിസ്റ്റിക്സ് രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. 2.5 മുതല്‍ മൂന്ന് ശതമാനം വരെയുള്ള വളര്‍ച്ചാ നിരക്കാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. വൈദ്യുതിരംഗത്ത് ഉള്‍പ്പെടെ പൊതു-സ്വകാര്യ പങ്കാളിത്തവും വിദേശനിക്ഷേപവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് നിയമങ്ങള്‍ പരിഷ്കരിച്ചിട്ടുണ്ടെന്നും അല്‍ സുനൈദി പറഞ്ഞു. 
 

click me!