പ്രവാസി റിക്രൂട്ട്‌മെന്റിന് ചെലവേറും; ഒമാനില്‍ ലേബര്‍ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തുന്നു

By Web TeamFirst Published Jan 28, 2021, 6:57 PM IST
Highlights

സീനിയര്‍ തലങ്ങളിലെ തസ്തികകളിലാണ് ഏറ്റവും ഉയര്‍ന്ന തുക വര്‍ധിപ്പിക്കുക. 2001 റിയാലാണ് ഈ വിഭാഗത്തിലെ ഫീസ്. മിഡില്‍ അല്ലെങ്കില്‍ മീഡിയം ലെവല്‍ തസ്തികകളില്‍ ഫീസ് 1001 റിയാലാക്കാനും പദ്ധതിയുണ്ട്. 

മസ്‌കറ്റ്: ഒമാനില്‍ ലേബര്‍ പെര്‍മിറ്റ് ഫീസുകള്‍ വര്‍ധിപ്പിക്കുന്നു. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴില്‍ മന്ത്രാലയത്തില്‍ അടയ്‌ക്കേണ്ട ഫീസിലാണ് വര്‍ധനവ് ഉണ്ടാകുക. 2001 റിയാല്‍ വരെയാണ് ചില തസ്തികകളില്‍ ഫീസ് വര്‍ധിപ്പിക്കുക. 

തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രാലയം വാര്‍ത്താസമ്മേളനത്തിലാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. എട്ട് വിഭാഗങ്ങളിലെ തസ്തികകളായിരിക്കും വര്‍ധനവ് വരുത്തുക. സീനിയര്‍ തലങ്ങളിലെ തസ്തികകളിലാണ് ഏറ്റവും ഉയര്‍ന്ന തുക വര്‍ധിപ്പിക്കുക. 2001 റിയാലാണ് ഈ വിഭാഗത്തിലെ ഫീസ്. മിഡില്‍ അല്ലെങ്കില്‍ മീഡിയം ലെവല്‍ തസ്തികകളില്‍ ഫീസ് 1001 റിയാലാക്കാനും പദ്ധതിയുണ്ട്. 

ടെക്‌നിക്കല്‍ അല്ലെങ്കില്‍ സ്‌പെഷ്യലൈസ്ഡ് തസ്തികകളിലെ വിസകള്‍ക്ക് 601 റിയാലായിരിക്കും പുതിയ ഫീസ്. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ക്ക് 361 റിയാലും മൂന്നുവരെ വീട്ടുജോലിക്കാര്‍ക്ക് 141 റിയാലും അതിന് മുകളില്‍ 241 റിയാലും മൂന്ന് വരെ കര്‍ഷകര്‍ക്ക് അല്ലെങ്കില്‍ ഒട്ടക ബ്രീഡര്‍ക്ക് 201 റിയാലും നാലോ അതിന് മുകളിലോ 301 റിയാലുമാണ് ഫീസ്. ഈ തസ്തികകളില്‍ ഉള്‍പ്പെടാത്ത വിഭാഗങ്ങളില്‍ വിസാ നിരക്ക് 301 റിയാലായി തുടരും. തൊഴിലാളികളുടെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനും തൊഴിലുടമ മാറുന്നതിനും അഞ്ച് റിയാല്‍ വീതം നല്‍കണം. വര്‍ധനവ് വരുത്താന്‍ ഉദ്ദേശിക്കുകന്ന എട്ട് വിഭാഗങ്ങളില്‍ ഏതൊക്കെ തസ്തികകള്‍ ഉള്‍പ്പെടുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.
 

click me!