കൂടുതൽ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഒമാന്‍

By Web TeamFirst Published Feb 23, 2020, 12:57 AM IST
Highlights

ലാബ് ടെക്നീഷ്യന്‍, ഫിസിയോതെറാപ്പി ടെക്നീഷ്യന്‍, നഴ്‍സിങ് ജോലികള്‍, ഫാര്‍മസി ജോലികള്‍, എക്സ്‍റേ ടെക്നീഷ്യന്‍, സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഒബ്‍സര്‍വര്‍ തുടങ്ങിയ തസ്തികളിൽ സ്വദേശികളെ നിയമിക്കണമെന്നാണ് ശൂറാ കൗൺസിലിന്‍റെ നിര്‍ദേശം. 

മസ്ക്കറ്റ്: കൂടുതൽ തൊഴിൽ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് ഒമാൻ ശൂറാ കൗൺസിലിന്‍റെ ശുപാർശ. അംഗീകാരത്തിനായി വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണെന്നും ശൂറാ കൗൺസിൽ വ്യക്തമാക്കി. ശുപാർശ നടപ്പാക്കുന്ന പക്ഷം മലയാളികളടക്കം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.

ലാബ് ടെക്നീഷ്യന്‍, ഫിസിയോതെറാപ്പി ടെക്നീഷ്യന്‍, നഴ്‍സിങ് ജോലികള്‍, ഫാര്‍മസി ജോലികള്‍, എക്സ്‍റേ ടെക്നീഷ്യന്‍, സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഒബ്‍സര്‍വര്‍ തുടങ്ങിയ തസ്തികളിൽ സ്വദേശികളെ നിയമിക്കണമെന്നാണ് ശൂറാ കൗൺസിലിന്‍റെ നിര്‍ദേശം. രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും വിദേശികളെ ഒഴിവാക്കിക്കൊണ്ട് സ്വദേശികൾക്കു കൂടുതൽ അവസരങ്ങൾ നൽകുവാനാണ്‌ ശൂറാ ലക്ഷ്യമിടുന്നത്.

ഈ വിഭാഗങ്ങളിൽ ധാരാളം സ്വദേശികൾ തൊഴിൽരഹിതരായി രാജ്യത്തുണ്ടെന്നാണ് കൗൺസിലിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ. ഇതിനു പുറമെ രാജ്യത്തെ സർക്കാർ സ്കൂളുകളിൽ നിന്നും വിദേശി അദ്ധ്യാപകരെ ഒഴിവാക്കുവാനും മന്ത്രാലയം നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ സ്വദേശിവത്കരണം ഈ വര്‍ഷം 44.1 ശതമാനം പാലിക്കണമെന്നാണ് സർക്കാർ തീരുമാനം.

ചരക്കു നീക്ക രംഗത്ത് 20 ശതമാനവും വ്യവസായ മേഖലയില്‍ 35 ശതമാനവും സ്വദേശിവത്കരണമാണ് മന്ത്രാലയത്തിന്‍റെ ലക്ഷ്യം. മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്തു വരുന്ന വിവിധ മേഖലകളിലാണ് സ്വദേശിവത്കരണം പുരോഗമിച്ചു വരുന്നത്.

click me!