ഘാന മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷം

By Web TeamFirst Published Sep 13, 2022, 11:11 PM IST
Highlights

ഘാനയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ ഭാരവാഹികളും പ്രവർത്തകരും ഘാനയിൽ താമസമാക്കിയ നിരവധി വിദേശി പൗരന്മാരും മലയാളി അസോസിയേഷന്റെ ക്ഷണം സ്വീകരിച്ച് ആഘോഷങ്ങളില്‍ പങ്കാളികളായി.

അക്ര: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ  മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. രണ്ടര വർഷത്തെ കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ഇക്കഴിഞ്ഞ പതിനൊന്നാം തീയതി ഞായറാഴ്ച അക്രയിലെ ഏവിയേഷൻ സോഷ്യൽ സെന്ററിൽ വെച്ച്  750  ഓളം പേർ പങ്കെടുത്ത വർണാഭമായ ഓണാഘോഷ പരിപാടികളിൽ ഘാനയിലെ ഇന്ത്യന്‍ ഹൈകമ്മീഷണർ സുഗന്ധ് രാജാറാം മുഖ്യാതിഥിയായിരുന്നു. 

ഘാനയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ ഭാരവാഹികളും പ്രവർത്തകരും ഘാനയിൽ താമസമാക്കിയ നിരവധി വിദേശി പൗരന്മാരും മലയാളി അസോസിയേഷന്റെ ക്ഷണം സ്വീകരിച്ച് ആഘോഷങ്ങളില്‍ പങ്കാളികളായി. മലയാളി അസോസിയേഷൻ പ്രസഡന്റ് സുമൻലാൽ സ്വാഗതം ആശംസിച്ചു. ഘാനയിലെ മലയാളികൾക്ക് ഓണാശംസകൾ നേർന്നു സംസാരിച്ച ഹൈകമ്മീഷണർ സുഗന്ധ് രാജാറാം, കേരളത്തിന്റെ സംസ്‍കാരത്തിനും കലകൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് പരിപാടികൾ സംഘടിപ്പിക്കുന്ന മലയാളി അസോസിയേഷനെ പ്രശംസിച്ചു. 

അസോസിയേഷന്റെ കൾച്ചറൽ ടീം അവതരിപ്പിച്ച ഓണം പുനഃരാവിഷ്ക്കാരവും പൂക്കളവും, പുലിക്കളിയും , ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച നാടൻപാട്ടും ഗൃഹാതുരമായ ഓർമകളെ ഉണർത്തി. മലയാളത്തനിമയിൽ അന്‍പതോളം കലാകാരികള്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര ഘാനയില്‍ ആദ്യത്തെ അനുഭവമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഗെയിംസ് കമ്മിറ്റി ഓണക്കളികൾ ഒരുക്കിയിരുന്നു. ആറു ടീമുകള്‍ മാറ്റുരച്ച വടംവലി മത്സരവും അരങ്ങേറി. വിഭവ സമർഥമായ ഓണ സദ്യയും ആഘോഷങ്ങളുടെ ഭാഗമായി സജ്ജമാക്കിയിരുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് ഓണോഘോഷ പരിപാടികള്‍ അവസാനിച്ചത്.

Read also: അമേരിക്കയിലെ ഓണക്കാഴ്ച; ഏഷ്യാനെറ്റ് ന്യൂസിന്റെ മാവേലി യാത്രയ്ക്ക് വൻ വരവേൽപ്പ്

click me!