സൗദി വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ഒരാള്‍ മരിച്ചു, 21 പേര്‍ക്ക് പരിക്ക്

By Web TeamFirst Published Jun 24, 2019, 6:39 PM IST
Highlights

വിമാനത്താവളത്തിലെ ഒരു റസ്റ്റോറന്റിനും പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന 18 വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. അന്താരാഷ്ട്ര ചട്ടങ്ങളും മര്യാദകളും ലംഘിച്ച് ഹൂതികള്‍ സാധാരണക്കാരെ ലക്ഷ്യംവെച്ച് ആക്രമണം തുടരുകയാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. 

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ്. ഇയാളുള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. 

13 സൗദി പൗരന്മാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. മലപ്പുറം പാണ്ടിക്കാട് ഇടയാറ്റൂർ സ്വദേശി സൈതാലിയാണ്(39) ആക്രമണത്തിൽ പരിക്കേറ്റ മലയാളി. മകനെ നാട്ടിലേക്കു യാത്രയയ്ക്കാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു സൈതാലി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്കും രണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരില്‍ മൂന്ന് സ്ത്രീകളും രണ്ടും കുട്ടികളുമുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.

വിമാനത്താവളത്തിലെ ഒരു റസ്റ്റോറന്റിനും പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന 18 വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. അന്താരാഷ്ട്ര ചട്ടങ്ങളും മര്യാദകളും ലംഘിച്ച് ഹൂതികള്‍ സാധാരണക്കാരെ ലക്ഷ്യംവെച്ച് ആക്രമണം തുടരുകയാണെന്ന് സൗദി സഖ്യസേന ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. ആളില്ലാ വിമാനമായ അബാബീല്‍ ആണ് ഇതിന് ഉപയോഗിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഹൂതികള്‍ക്ക് ഇറാന്റെ പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്ന് ഇതിലൂടെ വ്യക്തമാണെന്നും സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

click me!