
റിയാദ്: എണ്ണക്കപ്പലുകള്‍ തട്ടിയെടുത്ത വിഷയത്തിൽ ഇറാനും ബ്രിട്ടനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ബ്രിട്ടന്റെ ഒരു പടക്കപ്പല്‍ കൂടി ഗള്‍ഫ് മേഖലയിലെത്തി. ഇപ്പോള്‍ തന്നെ ഗള്‍ഫ് മേഖലയിലുള്ള ബ്രിട്ടീഷ് പടക്കപ്പലായ എച്ച്എംഎസ് മോൺട്രോസിന് പുറമേയാണ് എച്ച്എംസ് ഡങ്കൻ എന്ന കപ്പല്‍കൂടി എത്തിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ബ്രിട്ടീഷ് കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് പുതിയ നീക്കമെന്നാണ് ബ്രിട്ടന്‍ വിശദീകരിക്കുന്നത്.
ഇതുവരെ 35 കപ്പലുകള്‍ക്ക് എച്ച്എംഎസ് മോണ്‍ട്രോസ് സംരക്ഷണം നല്‍കിയിട്ടുള്ളതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ സ്വതന്ത്രമായ കപ്പല്‍ ഗതാഗതം സാധ്യമാകണമെന്നത് തങ്ങളുടെ മാത്രമല്ല മറ്റ് പങ്കാളികളുടെയും കൂടി ആവശ്യമാണെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് നയതന്ത്ര പരിഹാരം കണ്ടെത്താന്‍ ബ്രിട്ടന്‍ സമ്മര്‍ദ്ദം തുടരും. ചരക്കുകപ്പലുകള്‍ക്ക് ലോകത്തെവിടെയും സ്വതന്ത്രമായും നിര്‍ഭയമായും സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടാകണം. ഇത് സാധ്യമാകുന്നതുവരെ ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ചരക്കുകപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗള്‍ഫ് മേഖലയിലെ യൂറോപ്യന്‍ യുദ്ധക്കപ്പലുകളുടെ സാന്നിദ്ധ്യം പ്രകോപനപരമാണെന്ന് ഇറാന്‍ ആരോപിച്ചു. ചരക്കുകപ്പലുകള്‍ക്ക് സംരക്ഷണത്തിനെന്ന പേരില്‍ യുദ്ധക്കപ്പലുകള്‍ അയക്കുന്നത് വിദ്വേഷത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും ഇറാന്‍ വക്താവ് അലി റബീഇ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam