ഓണ്‍ലൈന്‍ മദ്യവില്‍പ്പന കുതിച്ചുയരുന്നു; യുഎഇയ്ക്ക് പ്രിയം 'വൈന്‍'

By Web TeamFirst Published Apr 11, 2020, 1:05 PM IST
Highlights

രാവിലെ 12 മണിക്ക് മുമ്പായി ആവശ്യപ്പെട്ടാല്‍ പിറ്റേ ദിവസം വൈകിട്ട് നാലിന് മുമ്പായി ദുബായില്‍ എവിടെയായിരുന്നാലും മദ്യം ലഭിക്കും.

ദുബായ്: കൊവിഡ് കാലത്ത് ദുബായില്‍ ഓണ്‍ലൈന്‍ വഴിയുള്ള മദ്യവ്യാപാരം കുതിച്ചുയരുന്നു. അംഗീകൃത മദ്യവിതരണ കമ്പനികളായ എംഎംഐ, ആഫ്രിക്കന്‍ ഇസ്റ്റേണ്‍ കമ്പനി എന്നിവ സംയുക്തമായാണ് മദ്യം വിതരണം ചെയ്യുന്നത്. 

മാര്‍ച്ച് 31നാണ് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള അനുമതി ദുബായില്‍ നല്‍കിയത്. legalhomedelivery.com വഴി രാവിലെ 12 മണിക്ക് മുമ്പായി ആവശ്യപ്പെട്ടാല്‍ പിറ്റേ ദിവസം വൈകിട്ട് നാലിന് മുമ്പായി ദുബായില്‍ എവിടെയായിരുന്നാലും മദ്യം ലഭിക്കും. വൈനിനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. ബീയര്‍ രണ്ടാംസ്ഥാനത്തുണ്ട്. ദുബായില്‍ ലൈസന്‍സ് ഉള്ളവര്‍ക്കാണ് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള അനുമതി. മുസ്ലിംകള്‍ക്കും 21 വയസ്സില്‍ താഴെയുള്ളവര്‍ക്കും മദ്യം ലഭിക്കില്ല.

യുഎഇ താമസ വിസക്കാര്‍ക്കും സന്ദര്‍ശക വിസയിലുള്ളവരും ഓണ്‍ലൈനിലൂടെ മദ്യത്തിന് അപേക്ഷിക്കുമ്പോള്‍ ലൈസന്‍സ് നമ്പര്‍ നല്‍കണം. സന്ദര്‍ശകര്‍ പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കണം. മദ്യം ഡെലിവറി വരുന്നതിന് അരമണിക്കൂര്‍ മുമ്പ് ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് ലഭിക്കും. മദ്യം വീട്ടിലെത്തിക്കുമ്പോള്‍ ലൈസന്‍സോ പാസ്‌പോര്‍ട്ടോ കാണിക്കണം. 250 ദിര്‍ഹത്തിന്റെ മദ്യമെങ്കിലും ഓര്‍ഡര്‍ ചെയ്താലേ ഹോം ഡെലിവറിയായി ലഭിക്കുകയുള്ളൂ. മുനിസിപ്പാലിറ്റി നികുതി, വാറ്റ് എന്നിവ ഉള്‍പ്പെടെയാണിത്. ഹോം ഡെലിവറി നിരക്ക് 50 ദിര്‍ഹം നല്‍കണം. 

യുഎഇയില്‍ ഷാര്‍ജയൊഴികെ എല്ലാ എമിറേറ്റ്‌സുകളിലും മദ്യം വില്‍പ്പന നടത്തുന്നുണ്ട്. ആഫ്രിക്കന്‍ ഈസ്റ്റേണ്‍ കമ്പനിക്ക് യുഎഇയില്‍ 28 കടകളുണ്ട്. ദുബായില്‍ മാത്രം 17 എണ്ണവും. ഇതില്‍ 16എണ്ണം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസന്‍സ് ഉള്ളവര്‍ക്ക് കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇവിടെ നിന്നും നേരിട്ട് മദ്യം വാങ്ങാം.  
 

click me!