
തിരുവനന്തപുരം: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യം അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊവിഡ് 19 മഹാമാരിമൂലം വലിയ തകര്‍ച്ചയും മാനസികവ്യഥയും നേരിടുന്ന പ്രവാസികള്‍ക്ക് ഇതു താങ്ങാവുന്നതിനും അപ്പുറമാണ്.
കേന്ദ്രസര്‍ക്കാര്‍ ഇതിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങളില്‍പ്പെട്ടാണ് മൃതദേഹം കൊണ്ടുവരാന്‍ കഴിയാതിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മൃതദേഹം കൊണ്ടുവരാനുള്ള അനുവാദം ഉണ്ടായിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ പല വിമാനത്താവളങ്ങളിലും മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നു.
ഇതു സംബന്ധിച്ച് താന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി ഫോണില്‍ സംസാരിക്കുകയും എത്രയും വേഗം അനുകൂലമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തെ, ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് 19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചിരുന്നു.
മരണകാരണം കൊവിഡല്ലെങ്കിലും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കരുതെന്ന നിര്‍ദ്ദേശമാണ് നിലവിലുള്ളതെന്നാണ് ഗള്‍ഫ് വിമാനത്താവള അധികൃതര്‍ നല്‍കുന്നത്. കൊവിഡ് ബാധിച്ചാണ് മരണമെങ്കിൽ മൃതദേഹം കൊണ്ടുവരുന്നത് ഒഴിവാക്കണം എന്ന മാർഗനിർദ്ദേശമാണ് ഇപ്പോൾ നിലവിലുള്ളത്.
മറ്റ് കേസുകളിൽ വിലക്കില്ല എന്ന് വിദേശകാര്യമന്ത്രാലയം പറയുമ്പോഴും ഇക്കാര്യം വ്യക്തമാക്കിയുള്ള പ്രസ്താവനയോ മാർഗ്ഗനിർദ്ദേശമോ പുറത്തിറക്കിയിട്ടില്ല. അതിനാൽ, ആഭ്യന്തര മന്ത്രലയത്തിന്‍റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം എന്നാണ് കേരളത്തിന്റെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam