
റിയാദ്: ഈ വർഷത്തെ റിയാദ് സീസൺ ആഘോഷം ആരംഭിച്ചതിന് ശേഷം ഒരു മാസത്തിനുള്ളിൽ 40 ലക്ഷം സന്ദർശകരെത്തിയതായി പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു. പ്രാദേശിക, അന്തർദേശീയ കാഴ്ചക്കാർക്ക് റിയാദ് സീസൺ ആഘോഷത്തോട് താൽപര്യം വർധിച്ചതിന്‍റെ തെളിവാണിത്.
വ്യത്യസ്‌ത അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്നതും ആസ്വദിപ്പിക്കുന്നതുമായ പരിപാടികളാണ് റിയാദ് സീസണിലുടനീളമുള്ളത്. ആക്ടിവിറ്റികളുടെയും വിനോദപരിപാടികളുടെയും വൈവിധ്യവും സമൃദ്ധിയുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.
‘കിങ്ഡം അരീന’, പുതുതായി ഒരുക്കിയ ‘വെന്യു’, ബൊളിവാഡ് സിറ്റി, ബൊളിവാഡ് വേൾഡ്, മൃഗശാല, അൽ സുവൈദി പാർക്ക് എന്നിവ റിയാദ് സീസൺ ആഘോഷങ്ങളുടെ പ്രധാന വേദികളാണ്. ഈ സ്ഥലങ്ങളിലെല്ലാം സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച മറ്റൊരു വേദിയായ ‘വണ്ടർ ഗാർഡൻ’ സന്ദർശകർക്കായി തുറന്നു. ഒരു ആഗോള വിനോദ കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ റിയാദ് സീസൺ വഹിക്കുന്ന പങ്ക് സ്ഥിരീകരിക്കുന്നതു കൂടിയാണ് ഈ പുതിയ റെക്കോർഡ്. ഈ വർഷത്തെ റിയാദ് സീസൺ വിവിധ പരിപാടികളുമായി തുടരുകയാണ്. ഗുസ്തി, ബോക്‌സിങ്, ടെന്നീസ് മത്സരങ്ങൾ, ഏറ്റവും പ്രശസ്ത താരങ്ങളുടെ സംഗീത പരിപാടികൾ, അതുല്യമായ വിനോദ അനുഭവങ്ങൾ, പുതിയ മേഖലകൾ എന്നിവ ഇതിലുൾപ്പെടുന്നു. ഇത് സന്ദർശകർക്ക് സവിശേഷമായ അനുഭവം പകരുന്നുവെന്നും പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ