യുഎഇ സന്ദര്‍ശനം റദ്ദാക്കി പാകിസ്ഥാന്‍ സെനറ്റ് ചെയര്‍മാന്‍; കാരണം മോദിയുടെ സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Aug 25, 2019, 6:28 PM IST
Highlights

സെനറ്റ് ചെയര്‍മാന്‍ യുഎഇ സന്ദര്‍ശിക്കുന്നത് കശ്‍മീരിലെ ജനവികാരം മുറിവേല്‍പ്പിക്കുമെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെയും പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെയും സന്ദര്‍ശനം റദ്ദാക്കുകയാണെന്നുമാണ് എക്സ്‍പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്. സന്ദര്‍ശനം റദ്ദാക്കിയ വിവരം പാകിസ്ഥാന്‍ സെനറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.

ദുബായ്: പാകിസ്ഥാന്‍ സെനറ്റ് ചെയര്‍മാന്‍ സാദിഖ് സന്‍ജ്റാനിയുടെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് മുന്‍കൂട്ടി നിശ്ചിയിച്ചിരുന്ന തന്റെ സന്ദര്‍ശനം റദ്ദാക്കാന്‍ പാകിസ്ഥാന്‍ സെനറ്റ് അധ്യക്ഷന്‍ തീരുമാനിച്ചതെന്ന് പാകിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെനറ്റ് ചെയര്‍മാന്‍ യുഎഇ സന്ദര്‍ശിക്കുന്നത് കശ്‍മീരിലെ ജനവികാരം മുറിവേല്‍പ്പിക്കുമെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെയും പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെയും സന്ദര്‍ശനം റദ്ദാക്കുകയാണെന്നുമാണ് എക്സ്‍പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്. സന്ദര്‍ശനം റദ്ദാക്കിയ വിവരം പാകിസ്ഥാന്‍ സെനറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തിയത്. അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ പ്രൗഢഗംഭീരമായ സ്വീകരണമാണ് അദ്ദേഹത്തിന് യുഎഇ ഭരണാധികാരികള്‍ ഒരുക്കിയിരുന്നത്. തുടര്‍ന്ന് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, മോദിക്ക് സമ്മാനിക്കുകയും ചെയ്തു. 

click me!