വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു; ഇന്ത്യന്‍ യുവതിക്ക് രക്ഷകനായി പാക് ഡ്രൈവര്‍

By Web TeamFirst Published Jan 13, 2020, 6:43 PM IST
Highlights

ഇന്ത്യന്‍ യുവതിയുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ പഴ്സ് തിരികെ നല്‍കി പാകിസ്ഥാനിയായ ടാക്സി ഡ്രൈവര്‍. 

ദുബായ്: പ്രധാനപ്പെട്ട രേഖകളും പണവുമടങ്ങിയ പഴ്സ് നഷ്ടമായ ഇന്ത്യന്‍ യുവതിക്ക് രക്ഷകനായി പാകിസ്ഥാനി ഡ്രൈവര്‍. റേച്ചല്‍ റോസ് എന്ന യുവതിയാണ്  യുകെയിലെ സ്റ്റുഡന്‍റ് വിസയും മറ്റ് പ്രധാനപ്പെട്ട രേഖകളും പണവും അടങ്ങിയ പഴ്സ് ദുബായില്‍ വാഹനത്തിനുള്ളില്‍  മറന്നുവെച്ചത്. പാകിസ്ഥാനിയായ ടാക്സി ഡ്രൈവര്‍ മൊദസ്സര്‍ ഖാദിം പിന്നീട് അധികൃതരുടെ സഹായത്തോടെ യുവതിയെ കണ്ടെത്തി പഴ്സ് തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

ജനുവരി നാലിന് ദുബായിലാണ് സംഭവം. സുഹൃത്തിന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു യുകെയിലെ ലാന്‍കാസ്റ്റര്‍ സര്‍വ്വകലാശാലയിലെ കോര്‍പ്പറേറ്റ് നിയമ വിദ്യാര്‍ത്ഥിയായ റേച്ചല്‍. ബര്‍ ജുമാന് സമീപം രാത്രി 7.30യോടെ സുഹൃത്തിനൊപ്പമാണ് റേച്ചല്‍ മൊദസ്സറിന്‍റെ ടാക്സിയില്‍ കയറിയതെന്ന് റേച്ചലിന്‍റെ അമ്മ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാറില്‍ കയറിയ റേച്ചല്‍ മറ്റൊരു വാഹനത്തില്‍ സുഹൃത്തുക്കള്‍ പോകുന്നത് കണ്ടപ്പോള്‍ മൊദസ്സറിന്‍റെ കാറില്‍ നിന്നിറങ്ങി സുഹൃത്തുക്കള്‍ക്കൊപ്പം ചേരുകയായിരുന്നു. പഴ്സ് വാഹനത്തിനുള്ളില്‍ മറന്നുവെച്ചിട്ടാണ് റേച്ചല്‍ പോയത്. ജനുവരി 8 ന് റേച്ചല്‍ മാഞ്ചസ്റ്ററിലേക്ക് പോകുകയും ചെയ്തു. 

Read More: മസ്‍കത്ത് ഫെസ്റ്റിവല്‍ റദ്ദാക്കി

യുകെയില്‍ താമസിക്കാനുള്ള പെര്‍മിറ്റ് കാര്‍ഡ്, എമിറേറ്റ്സ് ഐഡി കാര്‍ഡ്, യുഎഇ ഡ്രൈവിങ് ലൈസന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ക്രൈഡിറ്റ് കാര്‍ഡ് എന്നിവയ്‍‍ക്കൊപ്പം 1,000 ദിര്‍ഹത്തോളം പണവും നഷ്ടപ്പെട്ട പഴ്സിലുണ്ടായിരുന്നു. രണ്ട് ട്രിപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൊദസ്സര്‍ കാറിനുള്ളില്‍ പഴ്സ് കണ്ടത്. പഴ്സ് തുറന്നു കോണ്‍ടാക്ട് നമ്പര്‍ ഉണ്ടോയെന്ന് നോക്കിയെങ്കിലും കണ്ടില്ല. പിന്നീട് ഇയാള്‍ ഗതാഗത വകുപ്പ് അധികൃതരുടെ സഹായത്തോടെ രേഖകള്‍ പരിശോധിക്കുകയും റേച്ചലിന്‍റെ പഴ്സാണെന്ന് തിരിച്ചറിയുകയുമായിരുന്നു. അതിന് ശേഷം മൊദസ്സര്‍ തന്നെയാണ് റേച്ചലിന് പഴ്സ് തിരികെ നല്‍കിയത്. 
 

click me!