ഫാമില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ഒട്ടകത്തെ മോഷ്ടിച്ചു; ദുബൈയില്‍ പാകിസ്ഥാനി യുവാവ് അറസ്റ്റില്‍

By Web TeamFirst Published Nov 13, 2020, 3:07 PM IST
Highlights

ഫാമില്‍ നിന്ന് ഒട്ടകം മോഷണം പോയത് കണ്ടെത്തിയ 40കാരനായ സ്വദേശി ഉടമ ഒട്ടക ചന്തകളിലെ ആളുകളുമായി ബന്ധപ്പെട്ടു. തെരച്ചിലില്‍ അല്‍ മര്‍മോം ഏരിയയിലെ മാര്‍ക്കറ്റില്‍ ഇയാളുടെ ഒട്ടകമുള്ളതായി കണ്ടെത്തി.

ദുബൈ: ഒട്ടകത്തെ മോഷ്ടിച്ച കേസില്‍ പാകിസ്ഥാന്‍ സ്വദേശി ദുബൈയില്‍ അറസ്റ്റില്‍. 10,000 ദിര്‍ഹം (ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ) വിലയുള്ള ഒട്ടകത്തെയാണ് പാകിസ്ഥാനി മോഷ്ടിച്ചത്. ഒട്ടകത്തെ പരിപാലിക്കുന്ന ജോലിയാണ് ഇയാളുടേത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

ദുബൈയിലെ അല്‍ ഹിബാബിലുള്ള ഫാമില്‍ നിന്ന് ഒട്ടകം മോഷണം പോയത് കണ്ടെത്തിയ 40കാരനായ സ്വദേശി ഉടമ ഒട്ടക ചന്തകളിലെ ആളുകളുമായി ബന്ധപ്പെട്ടു. തെരച്ചിലില്‍ അല്‍ മര്‍മോം ഏരിയയിലെ മാര്‍ക്കറ്റില്‍ ഇയാളുടെ ഒട്ടകമുള്ളതായി കണ്ടെത്തി. തുടര്‍ന്ന് സ്വദേശി ഉടമസ്ഥന്‍ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മാര്‍ക്കറ്റില്‍ നിന്നും ഒട്ടകത്തെ കണ്ടെത്തിയെന്നും മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറിയെന്നും ഔദ്യോഗിക രേഖകളില്‍ പറയുന്നു. ഒട്ടകത്തെ മോഷ്ടിച്ച 22കാരനായ പാകിസ്ഥാന്‍ യുവാവിനെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തി. ഇയാള്‍ കസ്റ്റഡിയിലാണ്. കേസില്‍ ഡിസംബര്‍ 21ന് വിധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. 
 

click me!