വിമാനം റദ്ദാക്കിയതിന്റെ ദേഷ്യം തീര്‍ക്കാന്‍ ലഗേജ് കത്തിച്ച് യാത്രക്കാരന്റെ പ്രതിഷേധം

By Web TeamFirst Published Nov 22, 2018, 5:20 PM IST
Highlights

മദ്ധ്യവയസ്കനായ ഒരാള്‍ വിമാനത്താവളത്തിനകത്ത് വെച്ച് ലഗേജ് കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്വന്തം വസ്ത്രങ്ങളും ഇയാള്‍ കൂട്ടിയിട്ട് കത്തിക്കുന്നുണ്ട്. തീ കണ്ട ഒരാള്‍ അഗ്നിശമന ഉപകരണവുമായി അടുത്തേക്ക് വന്നെങ്കില്‍ ദേഷ്യം അടക്കാനാവാതെ അത് ചവിട്ടിത്തെറിപ്പിക്കുന്നതും കാണാം.

ഇസ്ലാമാബാദ്: യാത്ര പുറപ്പെടാനൊരുങ്ങുമ്പോള്‍ മുന്നറിയിപ്പൊന്നുമില്ലാതെ വിമാനം അനിശ്ചിതമായി വൈകുന്നതും റദ്ദാക്കപ്പെടുന്നതുമൊന്നും അത്ര സഹിക്കാന്‍ പറ്റുന്ന കാര്യങ്ങളാവില്ല പലര്‍ക്കും. പാകിസ്ഥാനിലെ ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ ദേഷ്യം സഹിക്കാനാവാതെ സ്വന്തം ലഗേജ് കത്തിച്ചായിരുന്നു ഒരു യാത്രക്കാരന്റെ പ്രതിഷേധം.

മദ്ധ്യവയസ്കനായ ഒരാള്‍ വിമാനത്താവളത്തിനകത്ത് വെച്ച് ലഗേജ് കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്വന്തം വസ്ത്രങ്ങളും ഇയാള്‍ കൂട്ടിയിട്ട് കത്തിക്കുന്നുണ്ട്. തീ കണ്ട ഒരാള്‍ അഗ്നിശമന ഉപകരണവുമായി അടുത്തേക്ക് വന്നെങ്കില്‍ ദേഷ്യം അടക്കാനാവാതെ അത് ചവിട്ടിത്തെറിപ്പിക്കുന്നതും കാണാം. തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്ദ്യോഗസ്ഥരോട് ഇയാള്‍ രോഷത്തോടെ സംസാരിക്കാനും തന്നെ അറസ്റ്റ് ചെയ്യാനുമാണ് ആവശ്യപ്പെടുന്നത്.

രാവിലെ ഏഴ് മണിക്ക് പുറപ്പെടേണ്ട പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പി.കെ 607 വിമാനമാണ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വൈകിയത്. പിന്നീട് കാലാവസ്ഥ മോശമെന്ന് പറഞ്ഞ് വിമാനം റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് യാത്രക്കാര്‍ ക്ഷുഭിതരായത്. വിമാനത്താവളത്തിലെ അഗ്നിശമനാ വിഭാഗം സ്ഥലത്തെത്തി തീ ഉടനെ നിയന്ത്രണ വിധേയമാക്കിയെന്ന് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു.

click me!