ദുബായില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ഷോപ്പിങ് മാളില്‍ ചെക് ഇന്‍ ചെയ്യാം

By Web TeamFirst Published Jul 23, 2019, 4:01 PM IST
Highlights

ഫ്ലൈ ദുബായ്, സൗദിയ, ഫ്ലൈനാസ്, ചൈന സതേണ്‍, കുവൈത്ത് എയര്‍വേയ്സ്, ഗള്‍ഫ് എയര്‍, സൗദി ഗള്‍ഫ്, റോയല്‍ ജോര്‍ദാനിയന്‍, എത്യോപ്യന്‍ എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. 

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ദുബായ് മാളില്‍ നിന്ന് ചെക് ഇന്‍ ചെയ്യാം. ഇവിടെത്തന്നെ ലഗേജുകള്‍ നല്‍കാനുമാവും. യാത്രയ്ക്കായി ബോര്‍ഡിങ് പാസും മാളില്‍ നിന്നുതന്നെ ലഭിക്കും.

വിമാനയാത്രാ സേവനദാതാവായ ഡിനാറ്റയുടെ സ്റ്റോറിലാണ് യാത്രക്കാര്‍ക്ക് ചെക് ഇന്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. നിലവില്‍ ഫ്ലൈ ദുബായ്, സൗദിയ, ഫ്ലൈനാസ്, ചൈന സതേണ്‍, കുവൈത്ത് എയര്‍വേയ്സ്, ഗള്‍ഫ് എയര്‍, സൗദി ഗള്‍ഫ്, റോയല്‍ ജോര്‍ദാനിയന്‍, എത്യോപ്യന്‍ എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. ഒരാള്‍ക്ക് 99 ദിര്‍ഹം മുതലാണ് ഇതിന് ഫീസ് നല്‍കേണ്ടത്. ഒരാളുടെ ചെക് ഇന്‍ ഫീസും ഒരു ലഗേജും ഉള്‍പ്പെടെയുള്ള തുകയാണിത്. ഒന്നിലധികം ലഗേജുണ്ടെങ്കില്‍ ഓരോന്നിനും 40 ദിര്‍ഹം വീതം അധികം നല്‍കണം. ഇങ്ങനെ പരമാവധി 249 ദിര്‍ഹം വരെ ഈടാക്കും.

ബോര്‍ഡിങ് പാസുകളും ബാഗേജ് ടാഗുകളും കൈപ്പറ്റിയാല്‍ ബാക്കി സമയം ദുബായ് മാളില്‍ ചുറ്റിയടിക്കാം. ഇവിടെ നിന്ന് മെട്രോയില്‍ നേരെ വിമാനത്താവളത്തിലെത്താം. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുന്‍പ് മാത്രം എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ മതിയാവും. വിമാനത്താവളത്തില്‍ നേരെ പാസ്‍പോര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തിലേക്ക് പ്രവേശിക്കാം.

click me!