കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവർ മരിച്ചവരിൽ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗർഭിണിയടക്കം 5 പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലർ അപകടനില തരണം ചെയ്തിട്ടുണ്ട്. 

കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളിൽ 6 പേർ മരിച്ചു. 

മരിച്ചവരുടെ പേരുവിവരങ്ങൾ ഇങ്ങനെ:

1. ജാനകി, 54, ബാലുശ്ശേരി
2. അഫ്സൽ മുഹമ്മദ്, 10 വയസ്സ്
3. സാഹിറ ബാനു, കോഴിക്കോട് സ്വദേശി
4. സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി
5. സുധീർ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി
6. ഷഹീർ സെയ്ദ്, 38 വയസ്സ്, തിരൂർ സ്വദേശി
7. മുഹമ്മദ് റിയാസ്, 23, പാലക്കാട്
8. രാജീവൻ, കോഴിക്കോട്
9. ഷറഫുദ്ദീൻ, കോഴിക്കോട് സ്വദേശി,
10. ശാന്ത, 59, തിരൂർ നിറമരുതൂർ സ്വദേശി
11. കെ വി ലൈലാബി, എടപ്പാൾ
12. മനാൽ അഹമ്മദ് (മലപ്പുറം)
13. ഷെസ ഫാത്തിമ (2 വയസ്സ്)
14. ദീപക്
15. പൈലറ്റ് ഡി വി സാഥേ
16. കോ പൈലറ്റ് അഖിലേഷ് കുമാർ

മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്. 

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 ആശുപത്രികളിലായിട്ടാണ് ചികിത്സയിലുള്ളത്. 1കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് മിംസ്, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, ഇഖ്റ ആശുപത്രി, മൈത്ര ആശുപത്രി, കൊണ്ടോട്ടി മേഴ്സി ആശുപത്രി, ഫറോക്ക് ക്രസന്‍റ് ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, റിലീഫ് ആശുപത്രി കൊണ്ടോട്ടി, എംബി ആശുപത്രി, മലപ്പുറം, അൽമാസ് കോട്ടയ്ക്കൽ, ബി എം പുളിക്കൽ, ആസ്റ്റർ പന്തീരങ്കാവ് എന്നീ ആശുപത്രികളിലായാണ് ആളുകൾ ചികിത്സയിലുള്ളത്. 

അപകടത്തെക്കുറിച്ച് എയര്‍ ഇന്ത്യയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നടത്തുന്ന അന്വേഷണം ഇന്ന് തുടങ്ങും.

കൊവിഡും കാലവര്‍ഷക്കെടുതിയും ദുരിതം വിതയ്ക്കുന്നതിനിടെയാണ് കരിപ്പൂരില്‍ മറ്റൊരു ദുരന്തം പറന്നിറങ്ങിയത്. രാത്രി 7.40-ന് മഴ തകര്‍ത്തു പെയ്യുന്നതിനിടെയായിരുന്നു സംഭവം. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബായില്‍നിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. 

റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ഒരു മതിലിലിടിക്കുകയും തുടര്‍ന്ന് ചെരിഞ്ഞ് ഒരു ഭാഗത്തേക്ക് വീഴുകയും രണ്ട് ഭാഗങ്ങളായി മുറിഞ്ഞു മാറുകയും ചെയ്തതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. പരിക്കേറ്റവരെ മഞ്ചേരിയിലെയും കോഴിക്കോട്ടെയും മെഡിക്കല്‍ കോളജുകളിലും കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മൂന്ന് യാത്രക്കാര്‍ക്കും വിമാനത്തിന്‍റെ പൈലറ്റ് ദീപക് വസന്ത് സാഥേയ്ക്കും ജീവന്‍ നഷ്ടമായിരുന്നു. പിന്നീട് സഹ പൈലറ്റ് അഖിലേഷ് കുമാറും മറ്റ് 14 യാത്രക്കാരും മരണത്തിന് കീഴടങ്ങി.

ദുരന്തത്തില്‍ അനുശോചനമറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പക്ഷേ അപകട കാരണത്തെക്കുറിച്ച് പരാമര്‍ശമില്ല. യാത്രക്കാര്‍ക്ക് സഹായമെത്തിക്കാനായി എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദശാനുസരണം കരിപ്പൂരിലെത്തിയ മന്ത്രി മന്ത്രി എ.സി മൊയ്തീന്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. യാത്രക്കാരുടെ ലഗേജുകളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. ''പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും. അപകടത്തെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിൽ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം'', എന്നും മന്ത്രി. 

കാലാവസ്ഥ പ്രതികൂലമെന്ന അറിയിപ്പൊന്നും വിമാനത്തില്‍ നല്‍കിയിരുന്നില്ലെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. അതേസമയം, ലാന്‍ഡിംഗില്‍ അസ്വഭാവിക തോന്നിയിരുന്നതായും യാത്രക്കാര്‍ പറഞ്ഞു. ടേബിള്‍ ടോപ്പ് ഘടനയുളള മംഗലാപുരത്ത് 2010-ല്‍ ദുരന്തമുണ്ടയാതു മുതല്‍ ഇതേ ഘടനയുളള കരിപ്പൂരിലും ജാഗ്രത വേണമെന്ന് പല ഘട്ടങ്ങളിലും ആവശ്യമുയര്‍ന്നിരുന്നു. 

ഇക്കഴിഞ്ഞ ജൂലൈയില്‍ റണ്‍വേയിലെ തകരാറും വെളളക്കെട്ടും ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നിട്ടും ഭൂമിയേറ്റെടുക്കലടക്കമുളള പ്രശ്നങ്ങളില്‍ കുരുങ്ങി നടപടികള്‍ വൈകി. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച വിശദമായ അന്വേഷണം വ്യോമയാന മന്ത്രാലയം നടത്തിയേക്കും.