വന്ദേഭാരത് വിമാനം റദ്ദാക്കി; മലയാളികളടക്കം നിരവധി യാത്രക്കാര്‍ ജര്‍മ്മനിയിലും കെനിയയിലും കുടുങ്ങി

By Web TeamFirst Published Jul 5, 2020, 12:37 AM IST
Highlights

വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫ്രര്‍ട്ടില്‍ നിന്നുള്ള ഒമ്പത് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതില്‍ കേരളത്തിലേക്കുള്ള രണ്ട് വിമാനങ്ങളും ഉള്‍പ്പെടുന്നു.
 

തിരുവനന്തപുരം: നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടും മടങ്ങാനാകാതെ ജര്‍മ്മനിയിലും നെയ്‌റോബിയിലുമുള്ള ഒരു കൂട്ടം മലയാളികള്‍. വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഇവര്‍ ബുക്ക് ചെയ്ത വിമാനങ്ങള്‍ റദ്ദാക്കിയതാണ് തിരിച്ചടിയായത്. ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ യാത്രയിലും പണം മടക്കി നല്‍കുന്നതിലും വ്യക്തത വന്നിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. 

റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ആശങ്കയിലാണ്. പലര്‍ക്കും ഇത് സംബന്ധിച്ച തുടര്‍വിവരങ്ങള്‍ ലഭിക്കുന്നില്ല. വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫ്രര്‍ട്ടില്‍ നിന്നുള്ള ഒമ്പത് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതില്‍ കേരളത്തിലേക്കുള്ള രണ്ട് വിമാനങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം 23നും 29 നുമായി കേരളത്തിലേക്ക് യാത്ര തിരിക്കേണ്ടവയായിരുന്നു ഈ വിമാനങ്ങള്‍. നിരവധി മലയാളികളാണ് ഈ വിമാനത്തില്‍ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വിമാനം റദ്ദാക്കിയതോടെ ഇവര്‍ ആശങ്കയിലായി. 

വിസാ കാലാവധി തീര്‍ന്ന വിദ്യാര്‍ത്ഥികളും ഗര്‍ഭിണികളും യാത്രമുടങ്ങിയവരുടെ കൂട്ടത്തിലുണ്ട്. നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് വിമാനമില്ലാത്തതിനാല്‍ അടിയന്തരമയി നാട്ടിലെത്തേണ്ടവര്‍ കുടുങ്ങിയിരിക്കുകയാണ്. കെനിയിലെ നെയ്‌റോബയില്‍ നിന്നുള്ള മലയാളികളും സമാന അവസ്ഥയിലാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി സ്വകാര്യ ഏജന്‍സി വഴിയാണ് ഇവിടെ ടിക്കറ്റ് ബുക്കിംഗ്. ഉയര്‍ന്ന തുക ഈടാക്കുന്നുവെന്നും പരാതിയുണ്ട്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ വിദേശകാര്യമന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. 

 

click me!