മാസ്റ്റർ ബെഡ്റൂം സ്യൂട്ട്, അഞ്ച് അടുക്കളകൾ, ഒമ്പത് ശുചിമുറികൾ! ട്രംപിന് ഖത്തർ നൽകുന്ന 'ആകാശക്കൊട്ടാരം'

Published : May 17, 2025, 04:01 PM ISTUpdated : May 17, 2025, 04:08 PM IST
മാസ്റ്റർ ബെഡ്റൂം സ്യൂട്ട്, അഞ്ച് അടുക്കളകൾ, ഒമ്പത് ശുചിമുറികൾ! ട്രംപിന് ഖത്തർ നൽകുന്ന 'ആകാശക്കൊട്ടാരം'

Synopsis

അത്യാഢംബരം നിറഞ്ഞ സൗകര്യങ്ങളാണ് വിമാനത്തിലുള്ളത്. മാസ്റ്റര്‍ ബെഡ്റൂം, അടുക്കളകള്‍, ശുചിമുറികള്‍ എന്നിങ്ങനെ ഈ ഡബിള്‍ ഡക്കര്‍ വിമാനത്തിലുള്ള അതിശയിപ്പിക്കും സംവിധാനങ്ങള്‍. 

ദോഹ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം പൂര്‍ത്തിയായിരിക്കുകയാണ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിച്ചത്. ഇതിനിടെ ട്രംപിന് ഖത്തര്‍  40 കോടി ഡോളറിന്‍റെ ആഢംബര ജെറ്റ് സമ്മാനിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ബോയിങ് 747-8 ആഢംബര ജെറ്റാണ് യുഎസ് ഗവൺമെന്‍റിന് ഖത്തര്‍ വാഗ്ദാനം ചെയ്ത സമ്മാനം. ട്രംപിന്‍റെ വരവിന് മുമ്പ് തന്നെ വിലയേറിയ സമ്മാനത്തിന്‍റെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആഢംബര ജെറ്റ് അമേരിക്കയിലേക്ക് പറക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാൽ ട്രംപിന്‍റെ ഇഷ്ടം നേടിയ ആ ആഢംബര ജെറ്റിന്‍റെ പ്രത്യേകതകള്‍ ആരെയും അതിശയിപ്പിക്കും.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖത്തർ രാജകുടുംബത്തിന്‍റെ ഉപയോഗത്തിനായി ആദ്യം വാങ്ങിയ ഡബിൾ ഡെക്കർ ജെറ്റ് മാർച്ച് 30 ന് ദോഹയിൽ നിന്ന് പുറപ്പെട്ടു. തുടർന്ന് പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിർത്തി ഏപ്രിൽ 2 ന് മെയിനിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് വിമാനം അടുത്ത ദിവസം സാൻ അന്‍റോണിയോയിലേക്ക് പറന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ് റാഡാർ 24 റിപ്പോർട്ട് ചെയ്തു. 'പറക്കുന്ന വില്ല' എന്നാണ് ഖത്തർ സർക്കാർ ഡോണാൾഡ് ട്രംപിന് വാഗ്ദാനം ചെയ്ത ബോയിംഗ് 747-8 അറിയപ്പെടുന്നത്. വായുവിലൂടെ, എല്ലാ സൗകര്യങ്ങളുമുള്ള ഒരു വില്ല പറക്കുന്നത് സങ്കല്‍പ്പിച്ച് നോക്കൂ, അതാണ് ഈ ആകാശക്കൊട്ടാരം.

സ്വിസ് വ്യോമയാന കമ്പനിയായ അമക് എയ്‌റോസ്‌പേസ് നേരത്തെ പ്രസിദ്ധീകരിച്ച ബോയിംഗ് 747-8I മോഡലിന്‍റെ പ്രത്യേകതകള്‍ ആരെയും അത്ഭുതപ്പെടുത്തും. അഞ്ച് അടുക്കളകളും ഒമ്പത് ശുചിമുറികളും മാസ്റ്റര്‍ ബെഡ്റൂം സ്യൂട്ടും ഈ ജെറ്റിലുണ്ട്. ഏതാനും ബിസിനസ് ക്ലാസ് സീറ്റുകളും ആഢംബര ജെറ്റിലുണ്ട്. വിമാനം പ്രധാനമായും മനോഹരമായ ആഡംബര ലോഞ്ചുകളായി തിരിച്ചിരിക്കുന്നു, അതിൽ മുകളിലത്തെ ഡെക്കിലെ ലോഞ്ച്, ക്ലബ് ഇരിപ്പിടങ്ങൾ, ഒരു സ്വകാര്യ ഓഫീസ് എന്നിവ ഉൾപ്പെടുന്നതായി 'ഖലീജ് ടൈംസി'ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്തില്‍ ടെലിവിഷനും റേഡിയോയും ഉണ്ട്. 13 ബ്ലു-റേ പ്ലേയറുകള്‍, സ്പീക്കറുകള്‍ എന്നിവയും ഇതിലുണ്ട്. ബോയിംഗ് 747-8 ഇന്‍റര്‍ കോണ്ടിനന്‍റല്‍ ജംബോ ജെറ്റിന് ഏകദേശം 225 അടി നീളമുള്ള ചിറകുകളാണുള്ളത്. ഇത് ബോയിങ്ങിന്‍റെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന വാണിജ്യ വിമാനമായ നെക്സ്റ്റ്-ജനറേഷൻ 737 ന്‍റെ ഇരട്ടിയാണ്. രണ്ട് ഡെക്കറുകളെ ബന്ധിപ്പിക്കുന്ന ആഢംബര സ്റ്റെയര്‍കേസും വിമാനത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാണിജ്യ ജെറ്റാണ് 747-8 എന്ന് ബോയിംഗ് അവകാശപ്പെടുന്നു. മണിക്കൂറിൽ ഏകദേശം 660 മൈൽ അല്ലെങ്കിൽ 1,062 കിലോമീറ്റർ വേഗത്തില്‍ ഈ ജെറ്റിന് സഞ്ചരിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. 

ആഢംബര ജെറ്റുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പുറത്തുവിട്ട റിപ്പോര്‍ട്ടുകളോട് ഖത്തര്‍ മീഡിയ അറ്റാഷെ അലി അല്‍ അന്‍സാരി നേരത്തെ പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നു. 'പ്രസിഡന്‍റ് ട്രംപിന്‍റെ സന്ദർശന വേളയിൽ ഖത്തർ അമേരിക്കൻ സർക്കാരിന് ഒരു ജെറ്റ് സമ്മാനമായി നൽകുമെന്ന റിപ്പോർട്ടുകൾ തെറ്റാണ്. എയർഫോഴ്‌സ് വണിന് പകരം താൽക്കാലിക ഉപയോഗത്തിനായി ഒരു വിമാനം കൈമാറുന്ന കാര്യം നിലവിൽ ഖത്തർ പ്രതിരോധ മന്ത്രാലയവും  യുഎസ് പ്രതിരോധ വകുപ്പും തമ്മിൽ പരിഗണിച്ച് വരികയാണ്. വിഷയം ബന്ധപ്പെട്ട നിയമ വകുപ്പുകളുടെ അവലോകനത്തിലാണ്, ഈ വിഷയത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല'- പ്രസ്താവനയിൽ അലി അൽ അൻസാരി വ്യക്തമാക്കി. 

ട്രംപിന്‍റെ ഭരണ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പ്രസിഡൻഷ്യൽ ലൈബ്രറിയിലേക്ക് ജെറ്റിന്റെ ഉടമസ്ഥാവകാശം കൈമാറുമെന്നും ഇത് നിയമപരമാണെന്നും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയും വൈറ്റ് ഹൗസിലെ ഉന്നത അഭിഭാഷകനായ ഡേവിഡ് വാരിങ്ടണും വിശകലനം ചെയ്തിട്ടുണ്ട്. 2029 ജനുവരി 1ന് മുമ്പ് വിമാനം ട്രംപ് പ്രസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷനിലേക്ക് മാറ്റുമെന്നും അതിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും യുഎസ് വ്യോമസേന വഹിക്കുമെന്നുമാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ