വിസ കാലാവധി കഴിഞ്ഞവർ ആശങ്കപ്പെടേണ്ട; ആശ്വാസവാർത്തയുമായി ഒമാൻ പൊലീസ്

By Web TeamFirst Published Mar 26, 2020, 2:42 PM IST
Highlights

കൊവിഡ് വൈറസ് വ്യാപനം നിയന്ത്രണത്തിലായിക്കഴിയുമ്പോൾ പിഴ അടക്കാതെ വിസ പുതുക്കുവാനും  സന്ദർശക വിസയിലെത്തിയവർക്കു പിഴ ഇളവിൽ രാജ്യം വിടുവാനും സാധിക്കും.

മസ്കറ്റ്: ഒമാനിൽ സ്ഥിരതാമസത്തിന് വിസയുള്ളവരും സന്ദർശക, വ്യാപാര വിസകളിലെത്തി രാജ്യത്ത് കുടുങ്ങിപ്പോയവരും വിസ കാലാവധി കഴിയുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് റോയൽ ഒമാൻ പൊലീസ്. ഒമാനിൽ നിന്നുമുള്ള വിമാനസർവീസുകൾ റദ്ദാക്കിയതിനാലും വിമാനത്താവളം അടച്ചതിനാലും രാജ്യത്തേക്ക് മടങ്ങി വരുവാൻ സാധിക്കാത്ത സ്ഥിരതാമസക്കാർക്കും സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞു  രാജ്യം വിടാൻ കഴിയാത്തവർക്കും റോയൽ ഒമാൻ പോലീസിന്റെ ഈ പ്രസ്താവന ആശ്വാസമാകും.

വിസകൾ അനുവദിക്കുന്നതും മറ്റു അനുബന്ധ സേവനങ്ങളും റോയൽ ഒമാൻ പോലീസ് കഴിഞ്ഞ ഒരാഴ്ചയായി നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇത് ഒമാനിലെ പ്രവാസികളെ ആശങ്കയിലാക്കിയിരുന്നു. കൊവിഡ് വൈറസ് വ്യാപനം നിയന്ത്രണത്തിലായിക്കഴിയുമ്പോൾ പിഴ അടക്കാതെ വിസ പുതുക്കുവാനും  സന്ദർശക വിസയിലെത്തിയവർക്കു പിഴ ഇളവിൽ രാജ്യം വിടുവാനും സാധിക്കും.

ഒമാൻ സ്വദേശികൾ ഒഴിച്ചുള്ള എല്ലാ വിദേശ പൗരന്മാരെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ വിലക്കി കൊണ്ട്   ഒരാഴ്ച മുൻപ് സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഒമാനിലെ  സ്ഥിരതാമസ വിസയുള്ളവർ രാജ്യത്തിനു  പുറത്തതാണെങ്കിൽ തങ്ങളുടെ വിസ കാലാവധി അവസാനിച്ചാൽ അവർക്ക്  റോയൽ ഒമാൻ പൊലീസിന്റെ വെബ്സൈറ്റിലൂടെ വിസ പുതുക്കുവാൻ സാധിക്കും. പിന്നീട്  ഒമാനിലെത്തിയ ശേഷം റസിഡന്റ് കാർഡ് പുതുക്കുന്നതുൾപ്പെടെ ആവശ്യമായ എല്ലാ അനുബന്ധ ആരോഗ്യ പരിശോധനകളും  ചെയ്യുവാൻ കഴിയും. 


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!