തീത്ഥാടകർ കല്ലെറിയൽ കർമം നിർവ്വഹിച്ചു, ഹജ്ജിന് അർധ വിരാമം; പ്രധാന ചടങ്ങുകൾ പൂർത്തിയായി

Published : Jun 07, 2025, 11:47 AM ISTUpdated : Jun 07, 2025, 11:51 AM IST
hajj

Synopsis

തീര്‍ത്ഥാടകര്‍ പൈശാചികതകൾക്കെതിരായ പ്രതീകാത്മക കല്ലെറിയൽ കർമം നിർവഹിച്ചതോടെ ഹജ്ജിന്‍റെ പ്രധാന ചടങ്ങുകൾക്ക് വിരാമമായി.

റിയാദ്: ജീവിതത്തിലെ സകല തിന്മകളെയും അകറ്റി നിർത്താൻ തീർഥാടകർ പൈശാചികതകൾക്കെതിരായ പ്രതീകാത്മക കല്ലെറിയൽ കർമം നിർവഹിച്ചതോടെ ഹജ്ജിന്‍റെ പ്രധാന ചടങ്ങുകൾക്ക് വിരാമമായി. ജംറതുൽ അഖബ (വലിയ ജംറ) സ്തൂപത്തിനുനേരെ ഏഴ് ചെറു കല്ലുകൾ എറിയുന്നതാണ് ചടങ്ങ്. ജീവിതത്തിലെ സകലതും ദൈവത്തിനു സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് തലമുടി മുണ്ഡനം ചെയ്താണ് ഹജ്ജിന്‍റെ വസ്ത്രത്തിൽ നിന്ന് ഹാജിമാർ ഒഴിവാകുന്നത്.

വ്യാഴാഴ്ച അറഫ സമ്മേളനം കഴിഞ്ഞ് മടങ്ങിയ ഹാജിമാർ മുസ്ദലിഫയിലാണ് രാത്രിയിൽ തങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ജംറയിൽ എത്തി കല്ലേറ് കർമം ആരംഭിച്ചു. മകൻ ഇസ്മാഈലിനെ ബലി നൽകാൻ അല്ലാഹുവിെൻറ കൽപ്പനയുണ്ടാകുന്നത് ഇബ്രാഹിം നബിക്ക് ബോധ്യപ്പെടുന്നത് മിനായിൽ വെച്ചാണ്. മകനെ ബലി നൽകാൻ തയ്യാറാകുന്ന ഇബ്രാഹിം നബിയോട് അല്ലാഹു ഒരു ആടിനെ അറക്കുവാനാണ് ആവശ്യപ്പെടുന്നത്. പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിെൻറ സ്വാധീനത്തെ കല്ലെറിഞ്ഞോടിക്കുന്നതും മിനായിലെ ജംറയിൽ വെച്ച് തന്നെ. അതിെൻറ ഓർമ പുതുക്കിയാണ് ഹാജിമാർ ജീവിതത്തിലെ പൈശാചികതകളെ ഇവിടെ കല്ലെറിഞ്ഞോടിക്കുന്നന്നത്.

പ്രവാചകൻ ഇബ്രാഹിമിനെ ബലിയറുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെയാണ് മൂന്ന് സ്തൂപങ്ങളും പ്രതിനിധാനം ചെയ്യുന്നത്. ദൈവത്തിന് വേണ്ടിയുള്ള ത്യാഗത്തിന്‍റെ സ്മരണകളിലൂടെയാണ് ഹജ്ജിന്‍റെ എല്ലാ കർമങ്ങളും. കല്ലേറിലൂടെ ജീവിതത്തിലെ തിന്മകളെ ഇല്ലാതാക്കി പുതിയ മനുഷ്യനായി മാറണം. ഇതാണ് ഓരോ ഹാജിയുടെയും നേട്ടം. ഹജ്ജ് അവസാനിച്ചു മടങ്ങുമ്പോൾ ഉമ്മ അപ്പോൾ പ്രസവിച്ച കുഞ്ഞിെൻറ പരിശുദ്ധിയുള്ള മനുഷ്യനാവും എന്നാണ് ഇസ്ലാമിക അധ്യാപനം. ഹജ്ജിെൻറ പ്രധാന ലക്ഷ്യവും ഇത് തന്നെ.

ബലിപ്പെരുന്നാൾ ദിവസം വെള്ളി (ദുൽഹജ്ജ് 10) ഹാജിമാർക്ക് ഏറ്റവും തിരക്കേറിയ ദിനമായിരുന്നു. ഹജ്ജിലെ ഇടത്താവളമായ മുസ്ദലിഫയിൽ അറഫയിൽനിന്ന് എത്തിയ ഹാജിമാർ രാത്രി വിശ്രമിച്ചു. മുസ്ദലിഫയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ജംറയിൽ ബസ്, മെട്രോ ട്രെയിൻ മാർഗങ്ങളിലാണ് തീർഥാടകർ എത്തുന്നത്. മക്കക്കും മിനക്കും ഇടയിലാണ് ജംറ സ്തൂപങ്ങളുള്ളത്. ഇവിടെ കല്ലെറിഞ്ഞ്, ബലിയറുത്ത്, തലമുടി മുണ്ഡനം ചെയ്യുന്നതോടെ ഹാജിമാർക്ക് ഇഹ്റാം വസ്ത്രങ്ങളിൽനിന്നും ഒഴിവാകാം.

അഞ്ചു കിലോമീറ്റർ അകലെയുള്ള മസ്ജിദുൽ ഹറാമിലെത്തി കഅ്ബ പ്രദക്ഷിണം, സഫാ മർവ കുന്നുകൾക്കിടയിലെ പ്രയാണവും കഴിയുന്നതോടെ ഹജ്ജിലെ പ്രധാന കർമങ്ങൾ അവസാനിച്ചു. മിനായിലേക്ക് മടങ്ങിയ ഹാജിമാർ മൂന്നു ദിവസം മിനായിലെ തമ്പുകളിൽ കഴിഞ്ഞു കൂടും. ദുൽഹജ്ജ് 11, 12, 13 (ശനി, ഞായർ, തിങ്കൾ) ദിനങ്ങളിൽ മൂന്ന് പ്രതീകാത്മക പൈശാചിക സ്തൂപങ്ങളിൽ കല്ലെറിയുന്നതോടെ ഹജ്ജിന് സമാപനമാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇനി വായനയുടെ വസന്തകാലം, ജിദ്ദയിൽ അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കം
ന്യൂസിലാൻഡിൽ നിന്നുള്ള ശീതീകരിച്ച മാംസം ഓസ്‌ട്രേലിയൻ ലേബലിൽ വിറ്റതായി കണ്ടെത്തൽ; ഇറച്ചിക്കട അടച്ചുപൂട്ടി, നിയമനടപടിയുമായി കുവൈത്ത്